വാഷിംഗ്ടണ്‍-അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്നുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ലേബല്‍ ചെയ്യണമെന്ന യൂറോപ്യന്‍ യൂണിയന്‍ പരമോന്നത കോടതിയുടെ വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക.
ഉല്‍പന്നങ്ങള്‍ എവിടെ നിന്നാണെന്ന് വ്യക്തമായിരിക്കണമെന്നും ഭക്ഷ്യ ലേബലിംഗ് സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം ഇത് നിര്‍ബന്ധമാണെന്നും യൂറോപ്യന്‍ കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിച്ചിരുന്നു. കോടതിയുടെ തീരുമാനം തികച്ചും ആശങ്കാജനകമാണെന്നാണ് യു.എസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
കോടതി വിധിയും ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച വസ്തുതകളും ഇസ്രായില്‍ വിരുദ്ധ പക്ഷപാതത്തെ സൂചിപ്പിക്കുന്നതാണെന്ന് യു.എസ് വിദേശ മന്ത്രാലയ വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക ഇസ്രായിലിനൊപ്പം നില്‍ക്കുമെന്നും സാമ്പത്തികമായി സമ്മര്‍ദം ചെലുത്താനോ ഒറ്റപ്പെടുത്താനോ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രായില്‍ അധിനിവേശം നടത്തി കോളനികള്‍ സ്ഥാപിച്ച ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്നും സിറിയയിലെ ജൂലാന്‍
കുന്നുകളില്‍നിന്നുമുള്ള ഉല്‍പന്നങ്ങളില്‍ അതതു പ്രദേശത്തുനിന്ന് ഉല്‍പാദിപ്പിച്ചതാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ ഉത്തരവ്. ഫ്രഞ്ച് സര്‍ക്കാരാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
അതേസമയം, ലേബലിംഗ് കൊണ്ടു മാത്രം കാര്യമില്ലെന്നും ഇസ്രായില്‍ അധിനിവേശ പ്രദേശങ്ങളില്‍നിന്ന് ഇസ്രായില്‍ കയറ്റി അയക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പൂര്‍ണ നിരോധം ഏര്‍പ്പെടുത്തണമെന്നുമാണ് ഫലസ്തീന്‍ ആവശ്യപ്പെടുന്നത്.