ഇസ്ലാമാബാദ്- പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക് സുപ്രീം കോടതി അയോഗ്യനാക്കി. അഴിമതി കേസിലാണ് കോടതിയുടെ സുപ്രധാന വിധി. ഇതോടെ പ്രധാനമന്ത്രി സ്ഥാനത്ത്‌നിന്ന് നവാസ് രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പായി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി വന്നത്. പാർലമെന്‍റില്‍ വിശ്വസ്തനായ അംഗമായിരിക്കാൻ നവാസ് ഷരീഫിന് കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലിരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും സുപ്രീം കോടതി ജസ്റ്റീസ് ഐജാസ് അഫ്‌സൽ ഖാൻ പറഞ്ഞു. ഉടൻ രാജിവക്കണമെന്നും അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി ഉത്തരവിട്ടു.
നവാസ് ഷരീഫിനും കുടുംബത്തിനും വിദേശങ്ങളിലടക്കം വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന കേസിലായിരുന്നു വിധി. ഇക്കഴിഞ്ഞ ഏപ്രിലിൽ നവാസ് ഷരീഫിനെതിരായ കേസിൽ മതിയായ തെളിവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിധി പ്രസ്താവിച്ച സുപ്രീം കോടതി പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊൻസേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനിൽ നവാസ് ഷെരീഫീന്‍റെ കുടുംബം സ്വത്തുക്കൾ വാങ്ങികൂട്ടിയെന്ന പനാമ രേഖകൾ പുറത്ത് വന്നതിനെ തുടർന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്. കളളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്നാണ് പരാതി. ഷെരീഫിനെതിരെ കേസെടുക്കമെന്നും പ്രധാനമന്ത്രി സ്ഥാനത്തു നിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനാണ് പരാതി നൽകിയത്. സുപ്രീം കോടതി നിർദേശ പ്രകാരം കേസ് അന്വേഷിച്ച സംയുക്ത സമിതിയുടെ റിപ്പോർട്ട് ഈ മാസം പത്തിന് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും വരവുചെലവു കണക്കുകളിൽ വൻ പൊരുത്തക്കേടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. നവാസ് ഷെരീഫിനെയും മൂന്നു മക്കൾ ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.