തിരുവനന്തപുരം: പ്രകൃതി സൗഹൃദ പാരമ്പര്യേതര ഊര്‍ജോല്‍പ്പാദനത്തില്‍ മികച്ച മുന്നേറ്റം നടത്തിയ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന് അംഗീകാരം. ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ ഐടി കെട്ടിടമായ ഗംഗ യമുന ട്വിന്‍ ടവറിനു മുകളില്‍ സ്ഥാപിച്ച 200 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള സൗരോര്‍ജ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഊര്‍ജ പുരസ്‌ക്കാരം ലഭിച്ചു. ഈ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദന പ്ലാന്റില്‍ ഒരു വര്‍ഷത്തിനിടെ 2.21 ലക്ഷം കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ റൂഫ് ടോപ് പ്ലാന്റ് ഗ്രിഡുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 'പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം ഈ പ്ലാന്റ് സ്ഥാപിച്ചത്. ഇതു പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുറക്കാനും ടെക്‌നോപാര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്,' ടെക്‌നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍ പറഞ്ഞു. 25 വര്‍ഷം കാലാവധിയുള്ള ഈ സൗരോര്‍ജ പ്ലാന്റ് അനെര്‍ട്ടിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ സ്ഥാപിച്ചതാണ്. ടെക്‌നോപാര്‍ക്കിലെ ഐടി, ഐടി അനുബന്ധ കമ്പനികളുടെ ആവശ്യങ്ങള്‍ക്കായി വൈദ്യുതി വിതരണം ചെയ്യാനും ടെക്‌നോപാര്‍ക്കിന് ലൈസന്‍സുണ്ട്. ചെറുകിട വൈദ്യുതി വിതരണ ലൈസന്‍സുള്ള സംസ്ഥാനത്തെ എട്ടു സ്ഥാപനങ്ങളിലൊന്നാണ് ടെക്‌നോപാര്‍ക്ക്. ഈ സൗരോര്‍ജ പ്ലാന്റ് വഴി ഇതുവരെ 187.25 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനായിട്ടുണ്ട്.
2017-18 വര്‍ഷം കൈവരിച്ച മികവിന് പൊതുസ്ഥാപനങ്ങളുടെ ഗണത്തിലാണ് ടെക്‌നോപാര്‍ക്ക് ഒന്നാമതെത്തിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഊര്‍ജ വകുപ്പും പുനരുപയോഗ ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ടും ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ടെക്‌നോപാര്‍ക്ക് മാധവന്‍ പ്രവീണ്‍, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) അന്‍ഫല്‍ എ. എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.