മുംബൈ- മഹാരാഷ്ട്രയില്‍ ശിവ സേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ പിന്താങ്ങി. ആഭ്യന്തര മന്ത്രാലയം ഈ ശുപാര്‍ശ രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കൈമാറി. രാഷ്ട്രപതി ഒപ്പിട്ടാല്‍ മഹാരാഷ്ട്രയില്‍ ചിത്രം മാറും. നിലവില്‍ മറ്റു വഴികളില്ലാത്തിനാലാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തതെന്ന് ഗവര്‍ണര്‍ അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടു ദിവസം കൂടി സമയം ശിവ സേന ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നെങ്കിലും ഗവര്‍ണര്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കിയത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു രാഷ്ട്രപതിക്കയച്ചു. ബ്രസീല്‍ സന്ദര്‍ശനത്തിന് മോഡി പോകാനിരിക്കെയാണ് ഇന്ന് തിരക്കിട്ട് മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തത്.
അതിനിടെ സര്‍ക്കാരിനു രൂപം നല്‍കാന്‍ മതിയായ സമയം അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശിവസേന സുപ്രീം കോടതിയെ സമീപിച്ചു. ബിജെപിക്ക് രണ്ടു ദിവസം അനുവദിച്ചപ്പോള്‍ ശിവസേനയ്ക്ക് ഒരു ദിവസത്തെ സമയം മാത്രമാണ് ഗവര്‍ണര്‍ അനുവദിച്ചതെന്ന് ഹര്‍ജിയില്‍ പരാതിപ്പെട്ടു. ഗവര്‍ണറുടെ വിവേചനപരമായ നടപടി സംബന്ധിച്ച ഹര്‍ജി അടിയന്തിരമായി പരിഗണക്കണമെന്നും ശിവ സേന ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ശിവസേനയുടെ അഭിഭാഷകന്‍.
സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിക്ക് നേരത്തെ 24 മണിക്കൂര്‍ സമയം ഗവര്‍ണര്‍ അനുവദിച്ചിരുന്നു. മണിക്കൂറുകള്‍ക്കം ഈ സമയപരിധിയും അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്‍സിപി നേതാക്കളും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മുംബൈയില്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. ഈ യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.