24 മണിക്കൂറും പ്രവർത്തിക്കുന്ന മൾട്ടിപ്ലക്‌സുകൾ, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, ബട്ടർഫ്‌ളൈ ഉദ്യാനം തുടങ്ങി നിരവധി സൗകര്യങ്ങളുള്ള സിംഗപ്പൂർ ചാംഗി എയർപോർട്ട് സാങ്കേതിക കുതിപ്പിലും ഏഷ്യക്ക് മാതൃകയാകുന്നു.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന സ്ഥാനം കഴിഞ്ഞ അഞ്ചു വർഷമായി നിലനിർത്തുന്ന സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് സാങ്കേതിക രംഗത്തെ മറ്റൊരു കുതിപ്പിലേക്ക്. ഈ വർഷം ഇവിടെ തുറക്കുന്ന പുതിയ ടെർമിനലിലൂടെ ഒരു യാത്രക്കാരന് ചെക്ക് ഇൻ മുതൽ ബോർഡിംഗ് വരെ ആരോടും സംസാരിക്കാതെ പോകാം.
24 മണിക്കൂറും പ്രവർത്തിക്കുന്ന മൾട്ടിപ്ലക്‌സുകൾ, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, ബട്ടർഫ്‌ളൈ ഉദ്യാനം തുടങ്ങി ഈ എയർപോർട്ടിലെ സൗകര്യങ്ങൾ അനവധിയാണ്. രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ ലോകത്തെ ആറാമത്തെ തിരക്കേറിയ എയർപോർട്ടാണ് ചാംഗി. പല വ്യവസായങ്ങളിലും ആൾക്ഷാമം അനുഭവിക്കുന്ന സിംഗപ്പൂർ അതിനെ മറി കടക്കുന്നത് സാങ്കേതിക വിദ്യകൾ പുതുക്കിയും യന്ത്രസഹായം തേടിയുമാണ്.
ഈ വർഷം തന്നെ തുറക്കുന്ന പുതിയ ടെർമിനലായ ടി-4 ൽ ചെക്ക് ഇൻ, ബാഗ് ഡ്രോപ്പ്, ഇമിഗ്രേഷൻ, ബോർഡിംഗ് തുടങ്ങിയ നടപടികൾ മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും. മറ്റൊരാളുടെ സഹായമില്ലാതെ യാത്രക്കാരനുതന്നെ എല്ലാം ചെയ്യാം. ഏഷ്യയിൽ ഈ സൗകര്യമേർപ്പെടുത്തുന്ന ആദ്യ എയർപോർട്ടാണിതെന്ന് ട്രാൻസ്‌പോർട്ട് ഗവേഷണ സ്ഥാപനമായ ക്രൂഷ്യൽ പെർസ്‌പെക്ടീവ് സി.ഇ.ഒ കോറിനെ പിംഗ് പറഞ്ഞു.
ദീർഘകാലാടിസ്ഥാനിത്തിൽ 20 ശതമാനം ആൾശേഷി ലഭിക്കുന്ന വിധത്തിലാണ് 723.57 ദശലക്ഷം ഡോളർ ചെലവിട്ട് നിർമിച്ച പുതിയ ടെർമിനലിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത്. ടി 4 ടെർമിനൽ കൂടി പ്രവർത്തിക്കുന്നതോടെ ചാംഗി എയർപോർട്ടിന്റെ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള മൊത്തം ശേഷി 16 ദശലക്ഷത്തിൽനിന്ന് 82 ദശലക്ഷമായാണ് ഉയരുന്നത്.
എയർ ഏഷ്യ ഗ്രൂപ്പ്, കാത്തെ പസഫിക്, സെബു പസഫിക്, കൊറിയൻ എയർ, സ്പ്രിംഗ് എയർലൈൻസ്, വിയറ്റ്‌നാം എയർലൈൻസ് എന്നിവയടക്കം ഒമ്പത് വിമാനക്കമ്പനികളാണ് പുതിയ ടെർമിനലിൽ സർവീസ് നടത്തുക. 30 ഫുട്‌ബോൾ ഗ്രൗണ്ടുകളുടെ അത്രയും വരുന്ന പുതിയ ടെർമിനൽ നിലവിലുള്ള മൂന്നാം ടെർമിനലിന്റെ പകുതിയേ ഉള്ളൂവെങ്കിലും അതിലെ മൂന്നിൽ രണ്ട് ഭാഗം യാത്രക്കാരുടേയും നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് സവിശേഷത.
പുതിയ ഉപകരണങ്ങളുടേയും സാങ്കേതിക വിദ്യയുടേയും കാഴ്ചപ്പാടുകളുടേയും പരീക്ഷണ വേദിയാണ് ടി 4 ടെർമിനലെന്ന് ചാംഗി എയർപോർട്ട് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലീ സാൻ പറഞ്ഞു. കഴിഞ്ഞ വർഷം ചാംഗി എയർപോർട്ട് ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 58.7 ദശലക്ഷമായി ഉയർന്നിരുന്നു. അടുത്ത അഞ്ചുവർഷം ഓരോ വർഷവും ആറ് ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ലോക എയർപോർട്ട് അവാർഡ് സർവേയിലാണ് തുടർച്ചയായി അഞ്ചാം വർഷവും ചാംഗിയെ മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. എയർപോർട്ടുകളുടെയൊന്നും സ്വാധീനത്തിൽ പെടാതെ സ്വതന്ത്രമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പദവി.