മുംബൈ- മഹാരാഷ്ട്രയില്‍ ബിജെപിയുമായി കൊമ്പു കോര്‍ക്കുന്ന ശിവ സേന പുതിയ സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി മുന്നോട്ടു വച്ച ആവശ്യത്തിനു വഴങ്ങി കേന്ദ്രത്തിലും ബിജെപി സഖ്യം ഉപേക്ഷിക്കുന്നു. ഇതിന്റെ ഭാഗമായാണ് ശിവ സേനയുടെ ഏക എംപിയായ അരവിന്ദ് സാവന്ത് മോഡി സര്‍ക്കാരിലെ കേന്ദ്ര മന്ത്രി പദവി രാജിവെച്ചതെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന ബിജെപി വ്യക്തമാക്കുകയും തുടര്‍ന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ശിവ സേനയെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കുകയും ചെയ്തതിനു പിന്നാലെയാണിത്. തിങ്കളാഴ്ച വൈകുന്നേരം 7.30ന് ശിവ സേന ഗവര്‍ണറെ കാണും.
ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്നും പുറത്തു വന്നാലെ ശിവ സേനയ്ക്കു പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കൂവെന്ന് എന്‍സിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്‍സിപിയുടെ പിന്തുണയില്ലാതെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണ്. ഇതോടെ എന്‍സിപി ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് ശിവസേന.
ഈ സാഹചര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്നതു സംബന്ധിച്ച് കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. ഇതിനു പുറമെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയ്പൂരില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ജയ്പൂരില്‍ നിന്നും ഇവര്‍ മുംബൈയിലേക്കു തിരിക്കും. ഇതിനു ശേഷമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.
എന്‍സിപി കോര്‍ കമ്മിറ്റി യോഗവും രാവിലെ മുംബൈയില്‍ നടക്കും. പാര്‍ട്ടി തവലന്‍ ശരത് പവാറും യോഗത്തില്‍ പങ്കെടുക്കും. മുംബൈയിലെ റിസോര്‍ട്ടില്‍ ശിവസേനയും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബിജെപി മുതിര്‍ന്ന നേതാക്കളും യോഗം ചേരുന്നുണ്ട്.