ന്യൂദൽഹി- ആർ ജെ ഡി, ജെ ഡി യു, കോൺഗ്രസ് മഹാസഖ്യം വിട്ട് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെ പാർട്ടി കേരള ഘടകം ശക്തമായ നടപടിയിലേക്കു നീങ്ങുന്നതായി സൂചന. വേണ്ടി വന്നാൽ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ എം.പി വിരേന്ദ്രകുമാർ എം പി പറഞ്ഞു. നിതീഷിന്റെ നീക്കത്തോട് യോജിക്കുന്നില്ല. നിതീഷിന്റെ തള്ളിപ്പറയാൻ ജെഡിയു എംപിമാർ തയാറാകണമെന്നും വിരേന്ദ്ര കുമാർ പറഞ്ഞു. ഇക്കാര്യം പാർട്ടി നേതാവ് ശരദ് യാദവിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ രാഷ്ട്രീയ ചുവടുമാറ്റങ്ങളെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥ ചർച്ച ചെയ്യാനും ഭാവി നീക്കങ്ങൾ തീരുമാനിക്കാനും ഉടൻ തന്നെ പാർട്ടി കൗൺസിൽ യോഗം ചേരും. കേരളത്തിലെ പാർട്ടി ഒരിക്കലും ഫാസിസ്റ്റ് കക്ഷികളുമായുള്ള ബന്ധം അംഗീകരിക്കുന്നില്ല. ബിജെപിയുടെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ പ്രതിപക്ഷത്തിനൊപ്പം ഒറ്റകെട്ടായി നിന്ന് മതനിരപേക്ഷത സംരക്ഷിക്കാൻ ശ്രമിക്കും. നിതീഷുമായുള്ള എല്ലാ ബന്ധവും ഇതോടെ അവസാനിപ്പിച്ചെന്നും എല്ലാ അട്ടിമറിച്ചാണ് അദ്ദേഹം ഈ അപ്രതീക്ഷിത നീക്കം നടത്തിയതെന്നും വിരേന്ദ്ര കുമാർ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ വീരേന്ദ്രകുമാർ ദൽഹിയിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്ന് ജെഡിയു സംസ്ഥാന സെക്രട്ടറി ജനറൽ ശൈഖ് പി ഹാരിസ് പറഞ്ഞിരുന്നു. പുതിയ പാർട്ടിയായി മാറാനാണ് ജെഡിയുവിന്റെ നീക്കം.