പട്‌ന- ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് മഹാസഖ്യസര്‍ക്കാരിന്‍റെ മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവെച്ച് 24 മണിക്കൂര്‍ തികയും മുമ്പ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രവചിച്ചതു പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് നിതീഷ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. ഉപ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡിയും സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ അഴിമതി ആരോപണത്തില്‍ സിബിഐ കേസെടുത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച പൊടുന്നനെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. നിതീഷ് നേരത്തെ തന്നെ ബിജെപിയുമായി കരാറിലെത്തിയിരുന്നതായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് ആരോപിച്ചിരുന്നു.
അതിനിടെ നിതീഷിന്റെ അപ്രതീക്ഷിത രാഷ്ട്രീയ ചുവടുമാറ്റത്തില്‍ പ്രതിഷേധിച്ച് ആര്‍ ജെ ഡി പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ് ഭവനിലേക്കു നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി. രാജ് ഭവന്‍ പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്.
മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച് രാഷ്ട്രീയ ചുവടുമാറ്റത്തിന് തന്റെ മകന്‍ തേജസ്വിയെ നിതീഷ് ഉപയോഗപ്പെടുത്തുകയായിരുന്നെന് ലാലു ആരോപിച്ചു. നോട്ടു നിരോധനം, അതിര്‍ത്തിയിലെ മിന്നലാക്രമണം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ തീരുമാനത്തിനെതിരായി രാ നാഥ് കോവിന്ദിന് വോ്ട്ടു ചെയ്തതെല്ലാം ഇതിന്റെ സൂചനകളായിരുന്നെന്നും ലാലു പറഞ്ഞു. നിതീഷിനെതിരെ കടുത്ത ആരോപണങ്ങളും ലാലു ഉന്നയിച്ചു.
ലെജില്ലേറ്റീവ് കൗണ്‍സിലിലേക്ക് 1991-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താനൊരു കൊലക്കേസ് പ്രതിയാണെന്ന് നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഐ പി സി 302 വകുപ്പു പ്രകാരമാണ് നിതീഷിനെതിരായ കേസ്. ഒരു കേസിലെ പ്രതിക്ക് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്നും ലാലു ചോദിച്ചു. തങ്ങളുടെ വഴിക്ക് വന്നില്ലെങ്കില്‍ ഈ കേസ് പൊക്കിയെടുത്ത് കുരുക്കിലാക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് നിതീഷ് ബിജെപിക്കു വഴങ്ങിയതെന്നും ലാലു ആരോപിച്ചു.