തിരുവനന്തപുരം- വാഹനാപകടത്തില്‍ മരിച്ചത് താനല്ലെന്ന് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട് സംവിധായകന്‍ ജോസ് തോമസ്. ഇന്ന് രാവിലെ തിരുവനന്തപുരം കിളിമാനൂരില്‍ നടന്ന വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകനും നാടകനടനുമായ ജോസ് തോമസ് അന്തരിച്ചിരുന്നു. എന്നാല്‍, മരിച്ചത് താനാണെന്ന് കരുതി നിരവധി പേരാണ് തന്നെയും വീട്ടുകാരെയും വിളിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ലൈവില്‍ വന്ന് വിശദീകരിക്കേണ്ട കാര്യം വന്നിരിക്കുന്നത്. മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലന്‍, സ്വര്‍ണക്കടുവ എന്നീ ചിത്രങ്ങള്‍ സംവിധായകനാണ് ജോസ് തോമസ്. കോട്ടയം കുടുമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. .
സംവിധായകന്‍ ജോസ് തോമസിന്റെ വാക്കുകള്‍
ഇന്ന് രാവിലെ ടിവി ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ അപകടത്തില്‍ മരിച്ചതായി വാര്‍ത്തകളില്‍ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവര്‍ത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്.