ന്യൂദല്‍ഹി- ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ പള്ളി നിന്ന ഭൂമി രാമ ക്ഷേത്ര നിര്‍മാണത്തിന് വിട്ടു കൊടുത്ത് മറ്റൊരിടത്ത് മുസ് ലിംഗള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കാനുള്ള സുപ്രീം കോടതി വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്. 67 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത ശേഷം അഞ്ചേക്കര്‍ മാത്രം വിട്ടു നല്‍കുന്നത് ഏതു തരം നീതിയാണെന്ന് ബോര്‍ഡ് നേതാവ് കമാല്‍ ഫാറൂഖി പ്രതികരിച്ചു. 100 ഏക്കര്‍ ഭൂമി തന്നാലും വലിയെ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
1949ല്‍ വിഗ്രഹം പള്ളിക്കുള്ളില്‍ കൊണ്ടുവച്ചതാണെന്ന് കോടതി ശരിവച്ചു. 1992ലെ സംഭവം നിയമ ലംഘനമാണെന്നും ഭൂമിത്തര്‍ക്കം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആകരുതെന്നും കോടതി ശരിവച്ചു. ബാബരി ഭൂമിയുടെ അകത്തളവും പുറം മുറ്റവും ക്ഷേത്രത്തിന് വിട്ടു നല്‍കണമെന്നും വിധിച്ചു. ഈ വിധി പറയാന്‍ കോടതി അസാധാരണ അധികാരം പ്രയോഗിച്ചു എന്നാണ് എന്റെ നിരീക്ഷണം. അതുകൊണ്ടു തന്നെ ഇതു ചോദ്യം ചെയ്യപ്പെടാവുന്ന ഒരു വിധിയായ നിലനില്‍ക്കുന്നു- പേഴ്‌സനല്‍ ലോ ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശംശാദ് പറഞ്ഞു.