ന്യൂദല്‍ഹി- ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പറയുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കണക്കിലെടുത്ത് ഉത്തര്‍ പ്രദേശ്, ദല്‍ഹി, മധ്യ പ്രദേശ്, ജമ്മു കശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ക്കും കൊളെഡുകള്‍ക്കും അവധി നല്‍കി. ശനി മുതല്‍ തിങ്കള്‍ വരെ എല്ലാ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി ആയിരിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു.
അനിഷ്ടസംഭവങ്ങളും ആക്രമങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. യുപിയിലെക്ക് 4000 അര്‍ധസൈനികരെ കേന്ദ്ര അയച്ചു. സേനാംഗങ്ങള്‍ക്കു നല്‍കിയ അവധി റെയില്‍വെ പോലീസ് റദ്ദാക്കി എല്ലാവരേയും തിരിച്ചു വിളിച്ചിട്ടുണ്ട്. 78 സുപ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.