ന്യൂദല്‍ഹി-ബാബരി മസ്ജിദ്-അയോധ്യ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആരംഭിച്ച തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.വിധിക്ക് മുന്നോടിയായി രാജ്യത്തെമ്പാടും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
40 ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് തീര്‍പ്പ് കല്‍പിക്കുന്നത്.
സുപ്രീം കോടതി രജിസ്ട്രാര്‍ കോടതിയില്‍ എത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരെ കോടതിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് കോടതിയില്‍ പ്രവേശിച്ചരിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
സുരക്ഷാ സംവിധാനങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിലയിരുത്തിയിരുന്നു. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചേംബറില്‍ വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്.