'അങ്ങ് എങ്ങിനെയാണ് ഒരു ശാസ്ത്രജ്ഞൻ ആയത് എന്ന ചോദ്യത്തിന് ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇസിഡോർ ഐസക് റാബി പറഞ്ഞ വളരെ ചിന്തോദ്ദീപകമായ ഒരു മറുപടിയുണ്ട്. 'എല്ലാ ദിവസവും സ്‌കൂൾ വിട്ട് വീട്ടിൽ എത്തുന്ന കുട്ടികളോട് അയൽപക്കങ്ങളിലെ അമ്മമാർ ചോദിക്കുന്ന ഒരു ചോദ്യം ഇന്ന് വല്ലതും പഠിച്ചോ എന്നതാണ്. എന്നാൽ എന്റെ അമ്മ എന്നോട് ചോദിച്ചത് ഇസ്സീ, നീ ഇന്ന് മികച്ച ചോദ്യം വല്ലതും ചോദിച്ചിരുന്നോ എന്നായിരുന്നു. അമ്മയുടെ ആ വേറിട്ട അന്വേഷണമാണ് അവരറിയാതെ എന്റെ ജീവിതത്തെ മാറ്റിമറിച്ചതും ശാസ്ത്രകാരനാവാൻ വഴിയൊരുക്കിയതും.
നല്ല ചോദ്യങ്ങൾ ചോദിക്കുക എന്നത് നാമോരോരുത്തരും വളർത്തിയെടുക്കേണ്ട ഒരു പ്രധാന ശീലം തന്നെയാണ്. മാത്രമല്ല, രക്ഷിതാക്കളെന്ന നിലയിൽ മക്കളിൽ പരിപോഷിപ്പിക്കേണ്ട ഒരു സവിശേഷ ഗുണം കൂടിയാണത്. ഏതൊരു പ്രശ്‌നത്തെയും പരിഹരിക്കാൻ പ്രസക്തമായ ചോദ്യങ്ങൾക്ക് കഴിയും. ജീവിതത്തിലെ പല പ്രതിസന്ധികളിലും വഴി തെറ്റി ഉഴലുന്നവർ അർത്ഥവത്തായ ചോദ്യങ്ങൾ ചോദിച്ചു ഉത്തരം കണ്ടെത്തി ജീവിത വിജയത്തിലേക്ക് കുതിച്ചതിന്റെ ഒരു പാട് കഥകൾ നാം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പല നിർണായക പ്രശ്‌നങ്ങളും പരിഹരിക്കാൻ നല്ല ചോദ്യങ്ങൾക്കുള്ള ശേഷിയും പങ്കും നിസ്സാരമല്ല എന്നർത്ഥം.
പാർശ്വ ഭാഗങ്ങളിലേക്കും മേലോട്ടും പോവാതെ ആപ്പിൾ താഴോട്ട് പതിക്കുന്നത് പോലെ എന്താണ് ചന്ദ്രൻ താഴോട്ട് വീഴാത്തത് എന്ന ന്യൂട്ടന്റെ ചോദ്യവും പ്രകാശ കിരണത്തിന്റെ അറ്റത്തിരുന്ന് അതേ വേഗതയിൽ താനും സഞ്ചരിച്ചാൽ ലോകത്തിന് എന്ത് സംഭവിക്കുമെന്ന ഐൻസ്റ്റീന്റെ ചോദ്യവുമാണ് ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമായത് എന്ന കാര്യം സ്മരണീയമാണ്.
വഴിയോരത്ത് ഒരു നല്ല ഹാംബർഗർ എവിടെ കിട്ടുമെന്ന റേ ക്രോക്കിന്റെ ചോദ്യമാണ് മക്‌ഡൊണാൾഡ്‌സ് എന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് പ്രചോദനമായതെന്ന് എത്ര പേർക്കറിയാം? ചില നേരങ്ങളിൽ ചില മനസ്സുകളിൽ ഉയർന്ന പ്രസക്തമായ ചോദ്യങ്ങളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന പല സാധ്യതകളും സൗകര്യങ്ങളും.
നിത്യേന നമ്മൾ ഒരുപാട് ചോദ്യങ്ങൾ സ്വയം ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങുടെ മേൻമയും ശൈലിയും നമ്മുടെ പ്രതികരണത്തെ പാകപ്പെടുത്തുന്നതിലും സമീപനത്തെ രൂപപ്പെടുത്തുന്നതിലും ചിന്തയെ ഉദ്ദീപിപ്പിക്കുന്നതിലും കർമങ്ങളെ ക്രിയാത്മകമാക്കുന്നതിലും വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
ഉശിരൻ ചോദ്യങ്ങൾ ഉചിതമായ നേരത്തും രീതിയിലും ചോദിക്കാൻ പഠിച്ചാൽ ജീവിതത്തിലെ പല പ്രശ്‌നങ്ങളെയും എളുപ്പത്തിൽ നിർമാർജനം ചെയ്യാനും തരണം ചെയ്യാനും കഴിയും. കൂടാതെ പുതിയ ആശയങ്ങളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും എത്തിച്ചേരാനും അവ നമ്മെ സഹായിക്കുന്നു.
നിത്യേന ചോദിക്കുന്ന ചില ചോദ്യങ്ങളുടെ ശൈലിയും പദാവലിയും ഒന്ന് മാറ്റി നോക്കൂ ജീവിതത്തിന്റെ ഗതി തന്നെ മാറി എന്ന് വരും. പരാജയങ്ങൾ വിജയങ്ങൾക്കു വഴിമാറും. പ്രയാസങ്ങൾ അകലും. ആത്മ സംഘർഷങ്ങൾക്ക് അയവ് വരും. നവീനമായ ഉപകരണങ്ങളും ഉൽപന്നങ്ങളും പിറവിയെടുക്കും.
ഒരാളെ കണ്ടുമുട്ടുമ്പോൾ അല്ലെങ്കിൽ ഒരു സംഭവത്തെ അഭിമുഖീകരിക്കുമ്പോൾ നാം ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ആണ് നമ്മുടെ പ്രതികരണങ്ങളെ നിർണയിക്കുന്നത്. നാം അഭിമുഖീകരിക്കുന്ന വ്യക്തികളിൽ നിന്നോ സംഭവങ്ങളിൽ നിന്നോ നാം വല്ലതും പഠിക്കുന്നുണ്ടോ അതോ മുൻ വിധിയോടെ അവയെ സമീപിച്ച് കൂടുതൽ പ്രതിസന്ധികളിലേക്ക് അകപ്പെടുകയാണോ നാം ചെയ്യുന്നത് എന്ന് സ്വയം ചോദിക്കണം. ഈ ലളിതമായ ആലോചനയാണ് വിജയികളുടെയും പരാജിതരുടേയും ജീവിതത്തെ വലിയ തോതിൽ വ്യത്യസ്തമാക്കുന്നത്.
വിപൽക്കരമായ ഘട്ടങ്ങളിലും വിജയശ്രീലാളിതരാവാനുള്ള അവസരങ്ങൾ തേടിയെത്തുക പരിഹാരത്തിനായുള്ള ചോദ്യങ്ങളിൽ വ്യാപൃതരാവുന്നവരേയാണ്. അവസരങ്ങളെ വക വെക്കാതെ അപകടങ്ങളിൽ മാത്രം കണ്ണ് നട്ടവരിൽ പ്രശ്‌നങ്ങള പർവ്വതീകരിക്കാനുള്ള ചോദ്യങ്ങളാണ് കൂടുതലായും ഉടലെടുക്കുക. അത്തരക്കാർക്ക് ജീവിതം പലപ്പോഴും ക്ലേശപൂർണവും ദുരിതബാധിതവുമായി അനുഭവപ്പെടുന്നതിൽ അൽഭുതപ്പെടാനില്ല.
എന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കാൻ ഒരു മണിക്കൂർ സമയമാണെനിക്കുള്ളതെങ്കിൽ ആദ്യത്തെ അമ്പത്തഞ്ച് മിനുട്ടും ഉചിതമായ ചോദ്യങ്ങൾ നിശ്ചയിച്ചുറപ്പിക്കുന്നതിലായിരിക്കും ഞാൻ ചെലവിടുക. കാരണം യുക്തമായ ചോദ്യങ്ങൾ രൂപപ്പെടുത്തിയാൽ പ്രശ്‌ന പരിഹാരത്തിന് അഞ്ച് മിനുട്ടിൽ കുറഞ്ഞ സമയം മാതിയാവുമെന്ന് പ്രഖ്യാപിച്ച ഐൻസ്റ്റീന്റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്.
അവസരത്തിലും അനവസരത്തിലും അശ്രദ്ധമായി കൊടുക്കേണ്ടതല്ല ചോദ്യങ്ങൾ. ചോദ്യങ്ങളുടെ കെട്ടും മട്ടും നേരവും തരവും വളരെയേറെ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് എന്നതോർമ്മ വേണം അതിനാൽ പലവുരു ആലോചിച്ചുറച്ച ചോദ്യങ്ങളേ ചോദിക്കാവൂ. ചോദിക്കപ്പെടാത്ത ഒരു ചോദ്യമെന്നാൽ തുറക്കപ്പെടാത്ത ഒരു വാതിലാണെന്നത് വെറുംവാക്കല്ല എന്നതും മറക്കരുത്.
ഉള്ളിലെ ചോദ്യകർത്താവിനെ നിരന്തരം പരിശീലിപ്പിച്ചാൽ ഉൽകൃഷ്ടവും ഉദാത്തവുമായ ചോദ്യങ്ങൾ കൊണ്ട് സമ്പന്നമാവും നമ്മുടെ ദിനരാത്രങ്ങൾ എന്നതിൽ സംശയമില്ല. ജീവിത കാഴ്ചപ്പാടിലും നിലവാരത്തിലും അവ വരുത്തുന്ന മാറ്റങ്ങൾ ഏറെ കഴിയുന്നതിന് മുമ്പേ ആസ്വദിക്കാനും കഴിയും.
ലളിതമായ ചോദ്യങ്ങളിലൂടെ ജനിമൃതികൾ, പ്രകൃതി പ്രതിഭാസങ്ങൾ, ജീവിത ലക്ഷ്യം തുടങ്ങിയവയെ കുറിച്ചൊക്കെ നിരന്തരം വിവേകപൂർവ്വം അന്വേഷിച്ചു കൊണ്ടിരിക്കാനാണ് ശാസ്ത്രവും വേദങ്ങളും ബുദ്ധിശാലികളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരങ്ങൾ നോക്കിയല്ല ചോദ്യങ്ങൾ നോക്കിയാണ് ഒരാളെ വിലയിരുത്തേണ്ടത് എന്ന് വോൾട്ടയർ പറഞ്ഞത് വെറുതെയല്ല.