ന്യൂദല്‍ഹി- ദല്‍ഹിയില്‍ അന്തരീക്ഷ മലീനികരണം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ലംഘിച്ച ബി.ജെ.പി എം.പിക്ക് പിഴ ചുമത്തി. ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ക്കായിരുന്നു ഇന്ന് ദല്‍ഹി നിരത്തില്‍ ഇറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍, 2727 എന്ന നമ്പറുള്ള വാഹനവുമായി റോഡിലിറങ്ങിയ ബി.ജെ.പി എം.പി വിജയ് ഗോയലിനാണ് പിഴ ഒടുക്കേണ്ടി വന്നത്. വിജയ് ഗോയല്‍ വീട്ടില്‍ നിന്നും ഇറങ്ങി നൂറ് മീറ്റര്‍ പിന്നിട്ടപ്പോഴേക്കുമാണ് പിടിവീണത്്. നാലായിരം രൂപയാണ് പിഴ ചുമത്തിയത്.
വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഗോയല്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനവുമായി റോഡിലിറങ്ങിയത്. വാഹന നിയന്ത്രണം രാഷ്ട്രീയതന്ത്രമാണെന്ന് പ്ലാക്കാര്‍ഡുമായി പുറത്തിറങ്ങിയ വിജയ് ഗോയലിന് പൂച്ചെണ്ട് നല്‍കിയാണ് ദല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് പ്രതികരിച്ചത്. ദല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണത്തോട് സഹകരിക്കണമെന്നും കൈലാഷ് ഗെലോട്ട് അഭ്യര്‍ഥിച്ചു