Sorry, you need to enable JavaScript to visit this website.

ശിവസേനയെ പിന്തുണയ്ക്കാന്‍  ആവശ്യപ്പെട്ട് സോണിയക്ക് കത്ത് 

മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയ്ക്കായുള്ള ബിജെപി ശിവസേന തര്‍ക്കത്തില്‍ ശിവസേനയെ പിന്തുണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായംതേടി ശിവസേന വരികയാണെങ്കില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഹുസൈന്‍ ദല്‍വായാണ് കത്തയച്ചത്. ബി.ജെ.പിയും ശിവസേനയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് മുന്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവരെ ശിവസേന പിന്തുണച്ചിരുന്നുവെന്നും ദല്‍വായ് കത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ശിവസേനയുടെ രാഷ്?ട്രീയമെന്നും ബിജെപിയെ പോലെ തീവ്രചിന്താഗതിക്കാരല്ല അവരെന്നും കത്തില്‍ പറയുന്നു. 
എന്നാല്‍, ശിവസേനയെ പിന്തുണക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യങ്ങള്‍ അനുകൂലമായി വരികയാണെങ്കില്‍ ശിവസേനയെ കൂടെനിര്‍ത്തി സര്‍ക്കാറുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. 
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ശെ, സുശീല്‍കുമാര്‍ ഷിന്‍ഡെ, സഞ്ജയ് നിരുപം എന്നിവര്‍ ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. അധികാരം തുല്യമായി പങ്കിടാമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ്  അമിത്ഷാ ഉദ്ധവ് താക്കറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് ശിവസേനയുടെ അവകാശ വാദം.
50:50 അനുപാതപ്രകാരം അധികാരം പങ്കുവയ്ക്കാമെന്ന് ഔദ്യോഗിക ലെറ്റര്‍പാഡില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഒപ്പിട്ടു നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായി തീരണമെന്ന നിര്‍ദേശമാണ് ബിജെപി മുന്നോട്ട് വച്ചിരിക്കുന്നത്. 
അധികാരം തുല്യമായി വിഭജിച്ചാലും മുഖ്യമന്ത്രിപദം വിട്ടുനല്‍കി സേനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ബിജെപിയുടെ നിലപാട്.

Latest News