പാലക്കാട്- സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനോടൊപ്പം
വേദി പങ്കിടില്ലെന്ന് വ്യക്തമാക്കിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്റെ മുന്നില്‍ സ്റ്റേജില്‍ കുത്തിയിരുന്ന് നടന്റെ പ്രതിഷേധം.
നടന്‍ ബിനീഷ് ബാസ്റ്റിനാണ് ദുരനുഭവത്തെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ വിലക്ക് ലംഘിച്ച് സ്റ്റേജില്‍ കുത്തിയിരുന്നത്.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് ബിനീഷ് ബാസ്റ്റിനെയാണ് ചീഫ് ഗസ്റ്റായി വിളിച്ചിരുന്നത്.
എന്നാല്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കോളേജ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ ചെന്ന് തല്‍ക്കാലം സ്റ്റേജിലേക്ക് വരേണ്ടന്ന് പറയുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എത്തിയാല്‍ മതിയെന്നും പറഞ്ഞു.
ബിനീഷ് വേദിയില്‍ എത്തിയാല്‍ മാഗസിന്‍ പ്രകാശനത്തിനെത്തുന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് കാരണം പറഞ്ഞിരുന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്നാണത്രെ അനില്‍ പറഞ്ഞത്.
അടങ്ങി ഇരിക്കാനായില്ലെന്നും പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സംഘാടകരുടെ വിലക്ക് ലംഘിച്ച് വേദിയിലെത്തിയെന്നും ബിനീഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ അടക്കം തടഞ്ഞിരുന്നു. പോലീസിനെ വിളിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. അതിഥിയായി എത്തിയ എന്നെ വേദിയില്‍ കയറ്റാതെ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ അതു വകവച്ചില്ല. വേദിയില്‍ അനില്‍ സാര്‍ പ്രസംഗിക്കുമ്പോള്‍ തന്നെ എത്തിയെന്നും ബിനീഷ് പറഞ്ഞു.