Sorry, you need to enable JavaScript to visit this website.

കാണുന്നതെല്ലാം സത്യമല്ല; ഡീപ്പ് ഫേക്ക് വീഡിയോകളെ സൂക്ഷിക്കുക

ഒരു ഡസ്‌കിൽ ഇരുന്ന് ഫേസ്ബുക്കിന്റെ ശക്തിയെ കുറിച്ച് അശുഭസൂചകമായ രീതിയിൽ പ്രസംഗിക്കുന്ന മാർക്ക് സക്കർബെർഗിന്റെ വീഡിയോ ഈയിടെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. @billpostersuk  എന്ന് പേരുളള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂൺ എട്ടിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണുമ്പോൾ തന്നെ വ്യാജമാണെന്ന് എളുപ്പം മനസ്സിലാകും.സക്കർബെർഗിന്റെ ശബ്ദവും ,ചുണ്ടിന്റെ ചലനങ്ങളും കൃത്രിമമാണെന്ന് ബോധ്യപ്പെടും. ഫേസ്ബുക്ക് സിഇഒയുടെ മാത്രമല്ല ഹോളിവുഡ് താരം ടെയ്ലർ സ്വിഫ്റ്റിന്റേയും, സ്‌കാർലറ്റ് ജോൺസണിന്റെയും, ഹാരി രാജകുമാരന്റെ കാമുകി മേഗൻ മർക്കലിന്റേയും ഇത്തരം വ്യാജ വീഡിയോകൾ പ്രചരിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന സാങ്കേതിക വിദ്യയുടെ പുതിയ ആപത്ത് എന്ന് വിളിക്കപ്പെടുന്ന ഡീപ്പ് ഫേക്ക് വീഡിയോകളാണ് ഇവ. ഇത്തരം വീഡിയോകൾ വലിയ ആപത്താണ് സൈബർ ലോകത്ത് സൃഷ്ടിക്കുന്നത്. 
ഡീപ്പ് ലേണിങ്', 'ഫേക്ക്' എന്നീ വാക്കുകൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ 'ഡീപ്പ് ഫേക്ക്' എന്ന വിദ്യയ്ക്ക് വളരെയധികം ദൂഷ്യവശങ്ങളാണ് ഉളളത്. പറയാത്ത കാര്യങ്ങൾ പറയുന്നതായുള്ള വീഡിയോകൾ നിർമിക്കാനും ഒരാൾ ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്നതായുള്ള വീഡിയോകൾ നിർമിക്കാനും ഈ സാങ്കേതികവിദ്യ ധാരാളം. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമാണ് കൂടുതലും ഡീപ്പ് ഫേക്കിന്റെ ഇരകൾ.
നെതർലാൻഡ്സ് ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തിൽ വളരെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. സൈബർ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളിൽ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് അവരുടെ കണ്ടെത്തൽ. മുൻനിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്സ് വിഡിയോകൾ നിർമിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഓൺലൈനിലെ ഈ ഡീപ്പ് ഫേക്ക് പോൺ കണ്ടൻറുകൾക്ക് 134 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്. 
ഏഴു മാസത്തിനിടെ ഡീപ്‌ഫേക്ക് വീഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്.  ഡീപ് ഫേക്ക് വളരെ വളരെ അപകടകാരിയായ ഒരു ടൂളാണെന്ന് ടെക് ലോകം തന്നെ സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയിലും ഡിപ്പ് ഫേക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേ സമയം ഡീപ്പ് ഫേക്കുകളെ നേരിടാൻ വലിയ തോതിലുള്ള ഗവേഷണമാണ് ഇപ്പോൾ നടന്നുവരുന്നത്. അപകടകാരിയായ ഈ ടൂളിനെ കർശനമായി ചെറുക്കേണ്ടത് ആവശ്യമാണ്. 

 

 

Latest News