Sorry, you need to enable JavaScript to visit this website.

കശ്മീര്‍ വ്യാഴം അര്‍ധരാത്രി മുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍ അര്‍ധരാത്രിയോടെ വിഭജിക്കപ്പെടും. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ഓഗസ്റ്റ്  അഞ്ചിന് കേന്ദ്രസര്‍ക്കാര്‍  പാര്‍ലമെന്റില്‍ പാസാക്കിയ 2019 ജമ്മു കശ്മീര്‍ പുനഃസംഘടന ബില്ലിന് അനുസൃതമായാണ് ഈ മാറ്റം.
കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയിരുന്നു.
ഗുജറാത്തില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. മറ്റൊരു മുന്‍ സിവില്‍ സര്‍വീസുകാരിയായ രാധാകൃഷ്ണ മാത്തൂര്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണറായും സത്യപ്രതിജ്ഞ ചെയ്യും. ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ ഈ മാസം 25-ന് ഗോവയിലേക്ക് മാറ്റിയിരുന്നു.
മുര്‍മുവിന്റെ നിയമനത്തോടെ, ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേഷ്ടാക്കളായിരുന്ന  കെ. വിജയ് കുമാര്‍, ഖുര്‍ഷിദ് ഗണായ്, കെ. സിക്കന്ദര്‍, കെ.കെ. ശര്‍മ എന്നിവരുടെ ചുമതല അവസാനിക്കുമെങ്കിലും ഇവരെല്ലാം പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറുടെ കീഴില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരായി തുടരും.  ദേശീയ ഐക്യ ദിനമായി ആചരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ  ജന്മദിനത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യും.
അതിനിടെ, കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ ആറ് അന്യ സംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ കശ്മീരിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്ന്  ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട തൊഴിലാളികള്‍.
ഓരോ ദിവസം കഴിയുന്തോറും താഴ്‌വരയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം കൈയ്യില്‍നിന്ന് വിടുകയാണ്. കശ്മീരിലെ യഥാര്‍ത്ഥ സാഹചര്യം മറച്ചുവെക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാെരന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂനിയന്‍ എം.പിമാരെ താഴ്‌വരയിലേക്ക് കൊണ്ടുപോയ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തെ താഴ് വര സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News