പ്രശസ്ത കോറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധായികയാകുന്നു. തമിഴിൽ ഒരുക്കുന്ന ചിത്രത്തിൽ നായകൻ ദുൽഖർ സൽമാൻ. വരുന്ന ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ദയ എന്ന ചിത്രത്തിലൂടെ മികച്ച ഡാൻസ് കോറിയോഗ്രാഫറിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള ബൃന്ദ മാസ്റ്റർ, മുൻനിര താരങ്ങളെ മാത്രമല്ല യുവതാരങ്ങളേയും നൃത്തം ചെയ്യിപ്പിച്ചിട്ടുണ്ട്. ആമിർ ഖാന്റെ പി.കെയുടെയും നൃത്ത സംവിധായികയായിരുന്നു. ചലച്ചിത്രം സംവിധാനം ചെയ്യുകയെന്ന അവരുടെ ദീർഘ കാലത്തെ ആഗ്രഹം സഫലാവുകയാണിപ്പോൾ.
ദുൽഖർ ഇപ്പോൾ ചെന്നൈയിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. സുരേഷ് ഗോപിയും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവംബർ എട്ടിന് ദുൽഖറിന്റെ ഇവിടത്തെ വർക്ക് പൂർത്തിയാകും. അതിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ രണ്ടാം ഷെഡ്യൂൾ. ദുൽഖർ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ജനുവരി വരെ ഇതിന്റെ ചിത്രീകരണം ഉണ്ടാകും. മുംബൈ, അഹമ്മബാദ് എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. ബൃന്ദ മാസ്റ്ററിന്റെ ചിത്രത്തിന് ശേഷം ദുൽഖർ ഒരു തമിഴ് ചിത്രത്തിലും തെലുങ്ക് ചിത്രത്തിലും അഭിനയിക്കും. മലയാളത്തിൽ ജോയി മാത്യുവിന്റെയും റോഷൻ ആൻഡ്രൂസിന്റെയും ചിത്രങ്ങളിലാണ് ദുൽഖർ കരാർ ഒപ്പിട്ടിട്ടുള്ളത്.