ന്യൂദല്‍ഹി- ഐഎന്‍എക്സ് മീഡിയ വിദേശ നിക്ഷേപ തിരിമറിക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി 14 ദിവസത്തേക്കു കൂടി നീട്ടി. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ മറ്റൊരു ദിവസം നല്‍കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പ്രത്യേക കോടതി തള്ളി. നവംബര്‍ 13 വരെ കസ്റ്റഡിയില്‍ തുടരും. തിഹാര്‍ ജയിലില്‍ ചിദംബരത്തിന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനുള്ള അനുമതി നല്കി. അദ്ദേഹത്തിന് മരുന്നുകളും, സുരക്ഷയും വെസ്റ്റേണ്‍ ടോയ്ലെറ്റും, പ്രത്യേക സെല്ലും അനുവദിക്കണമന്ന് കോടതി തിഹാര്‍ ജയില്‍ അധികാരികളോട് ആവശ്യപ്പെട്ടു. കോടതി മുറിയില്‍ ചിദംബരത്തിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച അഭിഭാഷകനെ കോടതി തടഞ്ഞു ഫോണ്‍ പിടിച്ചെടുത്തു. മാപ്പപേക്ഷിക്കാനും കോടതി ഉത്തരവിട്ടു.
കോടതി മുറിക്കു പുറത്തെത്തിയ ചിദംബരം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിനെ കൊട്ടാനും മറന്നില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെ അനൂകൂലിച്ച് സംസാരിക്കാന്‍ ഒരു പക്ഷെ യൂറോപ്യന്‍ എംപിമാരെ ക്ഷണിച്ചേക്കാമെന്ന് ആര്‍ക്കറിയാം? എന്നായിരുന്നു ചിദംബരത്തിന്റെ കൊട്ട്.