മഴയൊന്നു പെയ്താല്‍ കൊതുകുകള്‍ പരത്തുന്ന വിവിധ തരം പനികള്‍ കൊണ്ട് പൊറുതുമുട്ടുന്നവരാണ് നാം. കേരളത്തില്‍ ഓരോ വര്‍ഷവും ഡെങ്ക്യൂ, ചികുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ പനികകള്‍ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലോകത്തൊട്ടാകെ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു തലവേദനയായ ഇത്തരം കൊതുകുകളുടെ വ്യാപനത്തെ തടയാന്‍ പുതിയ ടെക്‌നോളജിയുമായി ഗൂഗ്ള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് രംഗത്തു വന്നിരിക്കുന്നു. രോഗ പകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന കൊതുകുകളെ തുരത്താന്‍ രണ്ട് കോടി മെഷീന്‍ കൊതുകുകളെ കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ ജനവാസ മേഖലയില്‍ തുറന്നു വിടാനുള്ള തയാറെടുപ്പിലാണ് അല്‍ഫബെറ്റും അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞരും.
ഡീബഗ് ഫ്രെസ്‌നോ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി യന്ത്രസഹായത്തോടെ പ്രത്യേകം വിരിയിച്ചെടുത്ത വന്ധ്യംകരിച്ച ആണ്‍ കൊതുകുകളെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സിക, ഡെങ്ക്യു, ചികുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഇജിപ്റ്റി വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളുടെ എണ്ണം ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. മെഷീന്‍ കൊതുകുകള്‍ രോഗം പടര്‍ത്തുന്ന ഈ പെണ്‍കൊതുകുകളുമായി ഇണചേര്‍ന്നുണ്ടാകുന്ന മുട്ടകള്‍ ഒരിക്കലും വിരിയില്ല. ഇതുവഴി ഈ കൊതുകു വര്‍ഗത്തെ ഇല്ലാതാക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആദ്യ ഘട്ടത്തില്‍ 20 ആഴ്ചക്കിടെ 10 ലക്ഷം മെഷീന്‍ കൊതുകുകളെ കമ്പനി തുറന്നു വിടും. കടിക്കാത്ത ഈ ആണ്‍കൊതുകളെ വോള്‍ബാചിയ ബാക്ടരീയ കുത്തിവച്ചാണ് വിരിയിച്ചെടുക്കുന്നത്. 40 ശതമാനം പ്രാണികളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഈ ബാക്ടീരിയ പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതാക്കുകയും അതുവഴി വൈറസ് ബാധയെ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊതുകുകളെ ഡെങ്ക്യൂ രോഗാണുബാധയില്‍ നിന്നും ഇതു പ്രതിരോധിക്കും. ശരിരത്തില്‍ വോള്‍ബാച്ചിയ സാന്നിധ്യമുള്ള ആണ്‍കൊതുകുകളും ഈ ബാക്ടീരിയ ഇല്ലാത്ത പെണ്‍കൊതുകളും ഇണചേര്‍ന്നുണ്ടാകുന്ന മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകാന്‍ സാധ്യത വളരെ കുറവാണെന്ന് വില്യം സുള്ളിവന്‍, സ്‌കോട്ട് എല്‍. ഒനീല്‍ എന്നിവര്‍ ചേര്‍ന്ന നേചര്‍ ജേണലില്‍ എഴുതിയ പ്രബന്ധത്തില്‍ പറയുന്നു. കൊതുകുകളെ വന്ധ്യംകരിക്കാന്‍ ഉപയോഗിക്കുന്ന ഈ ബാക്ടീരിയ മനുഷ്യന് ഇതുവരെ ദോഷം ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.
രോഗാണുബാധ ഏല്‍ക്കാത്ത വന്ധ്യംകരിച്ച ഈ മെഷീന്‍ കൊതുകളെ ഉപയോഗിച്ച് അപകടകാരികളായ പെണ്‍കൊതുകുകളെ പടിപടിയായി തുരത്താനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.