മഞ്ചേരി-സംഘാടകരുടെ പിടിവാശിയില്‍ ശിക്ഷ കിട്ടിയത് നടി നൂറിന്‍ ഷെരീഫിന്. മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നൂറിന്‍ ഷെരീഫിന് നേരെ ജനക്കൂട്ടത്തിന്റെ കൈയേറ്റശ്രമം. ബഹളത്തില്‍ നൂറിന്റെ മൂക്കിന് ഇടിയേറ്റു. ഒടുവില്‍ വേദന കടിച്ചുപിടിച്ചാണ് നൂറിന്‍ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. പിന്നീട് ആറു മണിക്ക് നൂറിന്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിച്ചു.
എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിന്‍ വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. 'ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന്‍ സംസാരിച്ചുതുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന്‍ പറഞ്ഞു. പിന്നീട് നൂറിന്‍ തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന്‍ മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ചിലര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു.
കോളേജുകളിലും വിവിധ ഉദ്ഘാടനങ്ങളിലും സജീവ സാന്നിധ്യമാണ് അഡാര്‍ ലവിലൂടെ ശ്രദ്ധേയായ നൂറിന്‍ . പ്രേക്ഷകരെ കൈയിലെടുക്കാനും അവരിലൊരാളായി മാറാനുമുള്ള കഴിവാണ് നൂറിനെ ഉദ്ഘാടനങ്ങളുടെ താരമാക്കിയത്. അതിനിടെയാണ് തന്റേതല്ലാത്ത കാരണം കൊണ്ട് ഇത്തരമൊരു കയ്‌പ്പേറിയ അനുഭവം നേരിടേണ്ടിവന്നത്.