ലഖ്നൗ- ഉന്നാവോ ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. ഉന്നാവോ കേസിലെ ഇരയെ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയാണ് മനോജ്.
ദല്‍ഹി ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. ഹൃദയാഘാതം മൂലമാണെന്നാണ് ബന്ധുക്കളും മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണു കാരണമെന്ന് കുല്‍ദീപിന്റെ സുഹൃത്തുക്കളിലൊരാളും വെളിപ്പെടുത്തുന്നു. ശക്തമായ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാള്‍ ഉടന്‍തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ജൂണില്‍ ഉന്നാവോ പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മനോജാണ് അപകടത്തിനു പിന്നിലെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് മനോജിനും ട്രക്ക് ഉടമ, ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.