കമ്പ്യൂട്ടറിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങുമ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു അപ്ലിക്കേഷന്‍ ആയിരുന്നു മൈക്രോസോഫ്റ്റ് പെയ്ന്‍റ്. അക്ഷരങ്ങളും ചിത്രങ്ങളും കൈ കൊണ്ട് സ്‌ക്രീനില്‍ എഴുതിയും വരച്ചും പഠിച്ച ആ ഗൃഹാതുരകാലം എല്ലാവരും ഓമനിക്കുന്ന ഓര്‍മകളാണ്. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തോടൊപ്പം നല്‍കുന്ന അപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്ന് പെയ്ന്‍റിനെ മാറ്റാന്‍ മൈക്രോസോഫ്റ്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു. അടുത്ത വിന്‍ഡോസ് അപ്‌ഡേഷനോടൊപ്പം പെയ്ന്‍റ് ഉണ്ടാവില്ല. കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ത്രി ഡി ഡ്രോയിങ് സോഫ്റ്റ് വെയറില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് പെയ്ന്‍റിനെ ഒഴിവാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച പെയ്ന്‍റ് ത്രി ഡി പതിപ്പായിരിക്കും ഇനി വിന്‍ഡോസിനൊപ്പം ലഭിക്കുക.
1985-ല്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കിയ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ കൂടെയാണ് ഡ്രോയിങ്, ഇമേജ് പ്രൊസസിംഗ് അപ്ലിക്കേഷനായ പെയ്ന്‍റിന്‍റെയും അവതരണം. അന്നു മുതല്‍ ഈയടുത്ത കാലം വരെ കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങുന്ന ഏവരുടേയും പ്രിയ അപ്ലിക്കേഷനായിരുന്നു ഇത്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന വിന്‍ഡോസ് 10-ന്‍റെ ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പിനൊപ്പം പെയ്ന്‍റ് ഉണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കിക്കഴിഞ്ഞു.
പില്‍ക്കാലത്ത് അഡോബ് ഫോട്ടോഷോപ്പ് എന്ന കിടിലന്‍ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ അടക്കം പലതും വന്നെങ്കിലും കമ്പ്യൂട്ടറില്‍ കൈവെച്ചു തുടങ്ങുന്നവര്‍ക്ക് എം എസ് പെയ്ന്‍റ് ഒഴിച്ചു കൂടാനാകാത്ത ഒന്നായിരുന്നു.