ന്യൂദല്‍ഹി- സൗദി അറേബ്യ സന്ദര്‍ശനത്തിനായി പോകാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമാനത്തിന് പാക്കിസ്ഥാന് വ്യോമ പാത നിഷേധിച്ചു. ജമ്മു കശ്മരീലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഡിയുടെ വിവിഐപി വിമാനത്തിന് വ്യോമപാത തടഞ്ഞത്. മോഡിയുടെ വിമാനത്തിന് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്ന് പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷി പറഞ്ഞതായി റേഡിയോ പാക്കിസ്ഥാന് റിപോര്‍ട്ട് ചെയ്തു. കശ്മീരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാനില്‍ ഞായറാഴ്ച കിരദിനം ആചരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷനെ രേഖാ മൂലം അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു.
നാളെയാണ് മോഡിയുടെ സൗദി സന്ദര്‍ശനം. സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമെ രാജ്യാന്തര ബിസിനസ് ഫോറത്തിലും മോഡി പ്രസംഗിക്കും.
കഴിഞ്ഞ മാസം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യുഎസിലേക്കു പോകാനും മോഡിക്ക് പാക്കിസ്ഥാന് വ്യോമ പാത നിഷേധിച്ചിരുന്നു. തൊട്ടുമുമ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ഐസ്ലാന്‍ഡിലേക്കു പറക്കാനും പാക്കിസ്ഥാന് വ്യോമ പാത അനുവദിച്ചിരുന്നില്ല.