തിരുച്ചിറപ്പള്ളി- തിരുച്ചിറപ്പള്ളിയിലെ നടുകാട്ടുപട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ദുഷ്‌ക്കരമാകുന്നു. കഴിഞ്ഞ ദിവസം രക്ഷാ പ്രവര്‍ത്തനത്തിനിടെ 70 താഴ്ചയിലേക്കു പോയ കുഞ്ഞി ഞായറാഴ്ച വീണ്ടും താഴേക്കു ഊര്‍ന്ന് 100 അടി താഴ്ചയില്‍ കുരുങ്ങിക്കിടക്കുയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് കുട്ടി ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് താഴേക്കു പോയത്. പാറക്കെട്ടായതിനാല്‍ താഴേക്കു കുഴിക്കാനുള്ള പ്രയാസം നേരിടുകയായിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ വലിയ റിഗ് മെഷീന്‍ ഉപയോഗിച്ച് കുഴല്‍ക്കിണറിനു സമീപം പാറ കുഴിക്കാനാരംഭിച്ചിട്ടുണ്ട്. പാറക്കെട്ടായതിനാല്‍ കുട്ടി കുരുങ്ങിക്കിടക്കുന്ന ആഴത്തിലേത്താന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആറു പ്രത്യേക സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നത്.
കുട്ടി കരയുന്നത് കുറെ സമയം കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നില്ല. എങ്കിലും കുട്ടി ശ്വാസമയക്കുന്നുണ്ട്, സുരക്ഷിതനാണ്- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുറത്ത് നിന്ന് മെഡിക്കല്‍ സംഘം കുഴല്‍ക്കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ കടത്തി വിട്ടു കൊണ്ടിരിക്കുകയാണ്.