മുംബൈ- ദിപാവലിയുടെ പ്രാരംഭമായ ധന്‍തെരാസിനോട് അനുബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 30,000 കിലോ (30 ടണ്‍) സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്ന് ഇന്ത്യന്‍ ബുള്യന്‍ ആന്റ് ജുവലേഴ്‌സ് അസോസിയേഷന്‍. സ്വര്‍ണത്തിന് വില വര്‍ധിച്ച സാഹചര്യവും പണ ലഭ്യതാ കുറവും കണക്കിലെടുക്കുമ്പോള്‍ ഇത്തവണത്തെ സ്വര്‍ണ വില്‍പ്പന പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നുവെന്ന് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. ഇത്തവണ 20 ടണ്‍ സ്വര്‍ണ വില്‍പ്പനയാണ് പ്രതീക്ഷിച്ചിരുന്നത്. സാധാരണ മുന്‍ വര്‍ഷങ്ങളിലെ ധന്‍തെരാസ് ദിവസം 40 ടണ്‍ വരെ വില്‍പ്പന നടക്കാറുണ്ട്. ധന്‍തെരാസിന് സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്. വില്‍പ്പന കുടാന്‍ ഇതുമൊരു കാരണമാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 25 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും കൂടിയ വില്‍പ്പന നടന്നുവെന്നു അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിപണിയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്ന് സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഈ വില്‍പ്പനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര വിപണിയിലെ വില വര്‍ധനയും ഇന്ത്യയിലെ ഇറക്കുമതി തീരുവ കൂട്ടിയതും കാരണം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെ തുടരുകയാണ്. ആഘോഷ സീസണുകളില്‍ പോലും ഇതുകാരണം വലിയ സ്വര്‍ണ വില്‍പ്പന പ്രതീക്ഷിക്കുന്നില്ലെന്നും സ്വര്‍ണ വില്‍പ്പനക്കാര്‍ പറയുന്നു.