ലാഹോര്‍- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. നഗരത്തിലെ സര്‍വീസസ് ആശുപത്രിയില്‍ കഴിയുന്ന നവാസ് ശരീഫിന് ലാഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് നവാസ് ശരീഫിന് ഹൃദയാഘാതമുണ്ടായ വാര്‍ത്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹമീദ് മിര്‍ ട്വീറ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ഹൃദയാഘാതത്തെ അതിജീവിച്ചെങ്കിലും അവശനായിരിക്കയാണെന്ന് മിര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞിരിക്കേ, ശരീഫിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രിക്ക് രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന ത്രോംബോസൈറ്റോപീനിയ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇടവേളകളില്‍ പ്ലേറ്റ്‌ലെറ്റ് കുത്തിവെപ്പ് നടത്തുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ആരോഗ്യനില വഷളാകുന്നുവെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.