മുംബൈ- മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിലങ്ങായി സഖ്യകക്ഷിയായ ശിവസേനയുടെ വിലപേശല്‍. മുഖ്യമന്ത്രി പദവി തുല്യമായി പങ്കിടുമെന്ന് അമിത് ഷാ രേഖാമൂലം ഉറപ്പു നല്‍കുന്നതു വരെ സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്ന് ശിവസേന നിലപാട് കടുപ്പിച്ചു. ഈ അന്ത്യശാസനം രേഖാമൂലം ശിവസേന ബിജെപിയെ അറിയിച്ചതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കത്തിന്റെ രൂക്ഷത പുറത്തായിരിക്കുകയാണ്. ബിജെപിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം മുഖ്യമന്ത്രി പദവി തുല്യമായി പങ്കിടണമെന്നാണ് ശിവ സേനയുടെ ആവശ്യം. കലഹം തുടരുന്നതിനിടെ ശിവ സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെ പാര്‍ട്ടി എംഎല്‍എമാര്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് ബിജെപിക്ക് അന്ത്യ ശാസനം നല്‍കിയത്.
ബിജെപി നേതൃത്വത്തില്‍ നിന്നും രേഖാമൂലമുള്ള ഉറപ്പാണ് ഉദ്ധവ്ജിക്ക് വേണ്ടത്. മുഖ്യമന്ത്രി പദവി പങ്കിടാനുള്ള ഫോര്‍മുല ബിജെപി അംഗീകരിക്കുന്നുവെന്ന ഉറപ്പാണ് ലഭിക്കേണ്ടതെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പറഞ്ഞു. ശിവസേന ആരെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഉദ്ധവിന്റെ മകന്‍ ആദിത്യ താക്കറെയെ പുതിയ സര്‍ക്കാരില്‍ മുഖ്യമന്ത്രിയാക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇതു സംബന്ധിച്ച് ഉദ്ധവ്ജിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന നിലപാട് കടുപ്പിക്കുകയും ബിജെപി വഴങ്ങാതിരിക്കുകയും ചെയ്താല്‍ ശിവസേന സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ശിവസേനയോടൊപ്പം ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആലോചന കോണ്‍ഗ്രസ് എന്‍സിപി കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്.