വെല്ലൂര്‍- മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതി നളിനി ജയില്‍ മോചനം ആവശ്യപ്പെട്ട് വെല്ലൂരിലെ വനിതാ ജയിലില്‍ നിരാഹാര സമരത്തില്‍. 28 വര്‍ഷമായി തടവില്‍ കഴിയുകയാണിവര്‍. നിരാഹരമിരിക്കാനുള്ള തന്റെ തീരുമാനം വെള്ളിയാഴ്ച രാത്രിയാണ് നളിനി ജയില്‍ അധികൃതരെ അറിയിച്ചത്. ശനിയാഴ്ച രാവിലെ അവര്‍ ഭക്ഷണം നിരസിച്ചതായി അധികൃതര്‍ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ എന്ന വി ശ്രീഹരനും താനും 28 വര്‍ഷമായി ജയിലില്‍ കിടക്കുകയാണെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കത്തില്‍ നളിനി ആവശ്യപ്പെടുന്നു. മോചനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും നളിനി നിരവധി അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ഏകമകളുമായി 28 വര്‍ഷമായി അകന്നു കഴിയുകയാണെന്നും കത്തില്‍ നളിനി ചൂണ്ടിക്കാട്ടുന്നു. ഈയിടെ മകളുടെ വിവാഹത്തിനായി നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നു. മുകുന്റെ അച്ഛന്‍ അസുഖം ബാധിതനാണിപ്പോള്‍. അദ്ദേഹം ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരും. അപ്പോള്‍ അവരെ പരിചരിക്കാനായി ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴു പേരേയും മോചിപ്പിക്കാന്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ ആര്‍ പി രവിചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. എട്ടു സിഖ് വിഘടനവാദികളേ മോചിപ്പിക്കുകയും ബല്‍വന്ത് സിങ് രജോണയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയും ഒക്ടോബര്‍ 14ന് അയച്ച കത്തില്‍ രവിചന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.