Sorry, you need to enable JavaScript to visit this website.

യുഎസ് സേനയുടെ ആയിരം കോടി ഡോളര്‍ കരാര്‍ മൈക്രോസോഫ്റ്റിന്; അമ്പരിപ്പിച്ചെന്ന് ആമസോണ്‍

വാഷിങ്ടണ്‍- അമേരിക്കന്‍ സൈന്യത്തിന്റെ ആയിരം കോടി ഡോളറിന്റെ ഐടി കരാര്‍ യുഎസ് ടെക്ക് ഭീമന്‍മാര്‍ തമ്മിലുള്ള പുതിയ പോര്‍മുഖത്തിന് വഴിതുറക്കുമോ? യുഎസ് സൈന്യത്തിന്റെ ക്ലൗഡ് കംപ്യൂട്ടിങ് ജോലികളുടെ കരാര്‍ മൈക്രോസോഫ്റ്റിന് ലഭിച്ചത് അമ്പരിപ്പിച്ചെന്ന പ്രതികരണവുമായി ആമസോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് മികവിലും വിപണി വിഹിതത്തിലും മൈക്രോസോഫ്റ്റിനും വളരെ മുന്നിലാണ് ആമസോണിന്റെ സ്ഥാനം. വസ്തുത ഇതായിരിക്കെ ഈ സുപ്രധാന സര്‍ക്കാര്‍ കരാര്‍ മൈക്രോസോഫ്റ്റിനു ലഭിച്ചതില്‍ ആമസോണിന് നീരസമുണ്ട്. യുഎസ് നിയമത്തിനു വിരുദ്ധമായി പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഈ കരാര്‍ ആമസോണിന് ലഭിക്കാതിരിക്കാന്‍ ഇടപെട്ടുവെന്ന ആരോപണവും നിലവിലുണ്ട്. ശക്തമായ സ്വാധീനശ്രമങ്ങളും ലോബിയിങും നിയമ പോരാട്ടത്തിനുമൊടുവിലാണ് കരാര്‍ മൈക്രോസോഫ്റ്റിനു നല്‍കി കൊണ്ട് യുഎസ് സേനാ ആസ്ഥാനമായ പെന്റഗണിന്റെ പ്രഖ്യാപനം വന്നത്. യുഎസ് സേന ആമസോണിന് പരിധിവിട്ട് അനൂകൂലിക്കുന്നുവെന്നാരോപിച്ച് യുഎസിലെ ഏറ്റവും വലിയ ടെക്ക് കമ്പനികളാണ് ഒരു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടം നടത്തിയത്. ഈ കരാര്‍ ആമസോണിന് നല്‍കില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ കരാര്‍ നല്‍കുന്നതില്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നതും സ്വാധീനിക്കുന്നതും ഫെഡറല്‍ നിയമം തടയുന്നുണ്ട്.

ജെഇഡിഐ എന്ന ഈ കരാര്‍ യുഎസ് സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഐടി കരാര്‍ മാത്രമല്ല, സര്‍ക്കാരിന്റെ മറ്റു മേഖലകളും കൂടി ഉള്‍പ്പെടുന്നതാണ്. ഇതിനു ഏറ്റവും യോഗ്യതയുള്ള കമ്പനി ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് പതിറ്റാണ്ടിന്റെ പരിചയവും 48 ശതമാനം വിപണി വിഹിതവുമുള്ള ആമസോണ്‍ വെബ് സര്‍വീസിനാണെന്ന് വിപണി നീരീക്ഷകരും മറ്റു കമ്പനികളും ഉറപ്പിച്ചിരുന്നതാണ്. മൈക്രോസോഫ്റ്റിന് 15.5 ശതമാനം വിപണി വിഹിതം മാത്രമെയുള്ളു. സിഐഎയുടെ രഹസ്യ വിവര ശേഖം സൂക്ഷിച്ച വര്‍ഷങ്ങളും പരിചയം ആമസോണിനുണ്ട്. ഇതിന് യുഎസ് സൈന്യം മികവിന്റെ സാക്ഷ്യപത്രവും നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ആകട്ടെ നിശ്ചിത മാനദണ്ഡങ്ങളില്‍ എല്ലായ്‌പ്പോഴും ആമസോണിനു താഴെയായിരുന്നു. ഇതു മൈക്രോസോഫ്റ്റിനു ലഭിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ഈ കരാര്‍ നല്‍കുന്നതില്‍ പ്രസിഡന്റിന്റെ ഇടപെടല്‍ ഒരു നിയമ പോരാട്ടത്തിനു കാരണമായേക്കാമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് നടന്നിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ നിലപാട്.

Latest News