മുംബൈ- വിദേശ രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന പണം തത്സമയം (റിയല്‍ ടൈം) ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്നതിന് പ്രമുഖ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ വെസ്റ്റേണ്‍ യൂണിയന്‍ സൗകര്യമൊരുക്കി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. ഇതോടെ ഗൂഗ്ള്‍ പേ, ഭീം, പേടിഎം, ഫോണ്‍പെ തുടങ്ങി യുപിഐ ഉപയോഗിക്കുന്ന എല്ലാ പേമെന്റ് ആപ്പുകള്‍ വഴിയും വെസ്റ്റേണ്‍ യൂണിയന്‍ ഉപഭോക്താക്കള്‍ക്ക് തത്സമയം തന്നെ പണം ഇന്ത്യയിലെത്തിക്കാം. ബാങ്കു വിവരങ്ങള്‍ നല്‍കുന്ന നിലവിലെ രീതിക്കു പകരം ഇനി വെസ്റ്റേണ്‍ യൂണിയന്‍ ഉപഭോക്താക്കള്‍ പണം സ്വീകരിക്കേണ്ടവരുടെ യുപിഐ ഐഡി നല്‍കിയാല്‍ മതിയാകും. ഇതുവഴി ഇന്ത്യയിലെ ബാങ്കുകളിലേക്ക് ഉടനടി പണം എത്തിച്ചേരും. ഇത് ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ സൗകര്യമാകും. 2019 അവസാനത്തോടെ 200 രാജ്യങ്ങളില്‍ നിന്ന് യുപിഐ വഴിയുള്ള പണ കൈമാറ്റം സാധ്യമാക്കുമെന്നും കമ്പനി അറിയിച്ചു.
സ്വകാര്യ ഇന്ത്യന്‍ ബാങ്കായ എസ് ബാങ്കുമായി ചേര്‍ന്നാണ് വെസ്റ്റേണ്‍ യൂണിയന്‍ ഈ സേവനം അവതരിപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള പണമയക്കലിന് യുപിഐ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യന്‍ ബാങ്കാണ് തങ്ങളെന്ന് എസ് ബാങ്ക് ആഗോള മേധാവി അസിത് ഒബ്‌റോയ് പറഞ്ഞു.