തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താതെ തന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും മികച്ച നേട്ടമാണ് കോൺഗ്രസ് സഖ്യം നേടിയത്. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം തൂത്തുവാരുമെന്നായിരുന്നു പ്രവചനമെങ്കിലും കഴിഞ്ഞ തവണത്തേതിൽനിന്ന് 25 സീറ്റുകളുടെ കുറവാണ് എൻ.ഡി.എ സഖ്യത്തിനുണ്ടായത്. ആകെയുള്ള 288 സീറ്റിൽ 158 സീറ്റ് മാത്രം നേടാനേ ശിവസേനക്കും ബി.ജെ.പിക്കും കഴിഞ്ഞുള്ളൂ. ഭരിക്കാനുള്ള ഭൂരിപക്ഷത്തേക്കാൾ പതിമൂന്ന് സീറ്റ് മാത്രം അധികം. കോൺഗ്രസ് എൻ.സി.പി സഖ്യമാകട്ടെ കഴിഞ്ഞ തവണത്തേതിൽനിന്നും പതിനേഴ് സീറ്റുകൾ അധികം നേടി. എൻ.സി.പിയിൽനിന്നും കോൺഗ്രസിൽനിന്നും നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് ഒഴുകുന്നതിനിടെയായിരുന്നു ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവടക്കം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസും എൻ.സി.പിയും മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്.
അതേസമയം, ഭരണം അനായേസന ബി.ജെ.പി നിലനിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനമായിരുന്നു ഹരിയാന. ഇവിടെ പക്ഷെ തൂക്കുസഭക്കാണ് നിലവിൽ സാധ്യത. കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷൻ പാർട്ടി വിട്ടത് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പു മാത്രമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ തികഞ്ഞ പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ വരെ പ്രതിഷേധമുണ്ടായി. എന്നിട്ടും ഹരിയാനയിൽ കഴിഞ്ഞ തവണത്തേതിൽനിന്ന് പതിനാറ് സീറ്റുകൾ കോൺഗ്രസ് അധികം നേടി. ബി.ജെ.പിക്കാകട്ടെ ഏഴ് സീറ്റുകൾ കുറഞ്ഞു. ഇതിന് പുറമെ നിരവധി പ്രമുഖ നേതാക്കൾ പരാജയം രുചിക്കുകയും ചെയ്തു. ഭരണത്തിലേറാൻ 46 സീറ്റുകൾ ആവശ്യമായ ഹരിയാനയിൽ 41 സീറ്റാണ് ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബി.ജെ.പിക്ക്. ജെ.ജെ.പിക്ക് പത്ത് സീറ്റും ലഭിച്ചു. ജെ.ജെ.പിയുടെ പിന്തുണ ലഭിക്കുന്നവർക്ക് ഭരിക്കാം എന്നതാണ് നിലവിലുള്ള അവസ്ഥ. ലോക്ദൾ-അകാലി സഖ്യത്തിന് രണ്ടു സീറ്റുണ്ട്. മറ്റുള്ളവർ ഏഴ് സീറ്റുകളിലും വിജയിച്ചിരിക്കുന്നു.