ക്വലാലംപൂര്‍- കശ്മീരില്‍ ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ക്കെതിരായ വിമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദ്. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കെയാണ് താന്‍ പറഞ്ഞതില്‍നിന്ന് പിറകോട്ടില്ലെന്ന മഹാതീറിന്റെ പ്രസ്താവന.
ഇന്ത്യന്‍ വ്യാപാരികളുടെ ബഹിഷ്‌കരണാഹ്വാനത്തെ വ്യാപാര യുദ്ധമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പാമോയില്‍ കയറ്റുമതി രാജ്യമാണ് മലേഷ്യ. ഈ വര്‍ഷം ഇതുവരെ ഇന്ത്യയാണ് മലേഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുമതി ചെയ്തത്.
ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ മഹാതീര്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. തുടര്‍ന്ന് മലേഷ്യയില്‍നിന്ന് പാമോയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ഇന്ത്യയിലെ വെജിറ്റബിള്‍ ഓയില്‍ വ്യാപാര സംഘടന അംഗങ്ങളോട് ആവശ്യപ്പെട്ടു.
കശ്മീരിനെ കുറിച്ച് മനസ്സിലുള്ളതാണ് പറഞ്ഞതെന്നും അതില്‍നിന്ന് പിറകോട്ടില്ലെന്നും മഹാതീര്‍ വ്യക്തമാക്കി. യു.എന്‍ പാസാക്കിയ പ്രമേയം കശ്മീരിലെ ജനങ്ങള്‍ക്കു നേട്ടമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, യു.എസും മറ്റു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണു ഞങ്ങള്‍ പറയുന്നത്. മനസ്സിലെ ചിന്തകളാണു പങ്കുവെക്കുന്നത്. പറഞ്ഞതു പിന്‍വലിക്കുകയോ മാറ്റുകയോ ചെയ്യില്ല. മലേഷ്യ വ്യാപാര രാജ്യമാണ്, വിപണികള്‍ ആവശ്യമാണ്. ജനങ്ങളോടു നന്നായാണ് ഇടപെടുന്നത്. അവര്‍ക്കു വേണ്ടിയാണു സംസാരിക്കുന്നത്. ഞങ്ങള്‍ പറയുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടാം മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേടുമുണ്ടാക്കാം -മഹാതീര്‍ പറഞ്ഞു. മലേഷ്യന്‍ പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ആസ്ഥാനമായ സോള്‍വെന്റ് എക്‌സ്ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ ബഹിഷ്‌കരണാഹ്വാനത്തിന്റെ ആഘാതം പഠിക്കുമെന്നും പ്രശ്‌നം നേരിടാനുള്ള വഴികള്‍ കണ്ടെത്തുമെന്നും മഹാതീര്‍ പറഞ്ഞു. വ്യാപാര യുദ്ധത്തെ കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇത് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തതല്ലെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ആഹ്വാനം നടത്തിയവരോട് ആശയവിനിമയം നടത്തുമെന്നും മഹാതീര്‍ പറഞ്ഞു. വ്യാപാരം ഇരുവശത്തേക്കുമുള്ളതാണെന്നും വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നത് മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിഷ്‌കരണ ആഹ്വാനം ആശങ്കാജനകമാണെന്ന് മലേഷ്യന്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് മന്ത്രി തേരേസ കോക് പറഞ്ഞു. അസോസിയേഷനെ ഈ തീരുമാനത്തിലെത്തിച്ചതിനു പിന്നിലെ വൈകാരിക വശം മനസ്സിലാക്കാമെങ്കിലും ഇത് സഹകരണത്തിനും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധത്തിനും തിരിച്ചടിയാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു. അസോസിയേഷനല്ല ഇക്കാര്യത്തില്‍ ഏകപക്ഷീയ തീരുമാനമെടുക്കേണ്ടതെന്നും ചര്‍ച്ചകളിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകളെ അനുവദിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മലേഷ്യയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 10.8 ബില്യന്‍ ഡോളറായിരുന്നു. ഇറക്കുമതി 6.4 ബില്യന്‍ ഡോളര്‍ വരുമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ഡാറ്റകള്‍ വ്യക്തമാക്കുന്നു. വ്യാപാര സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള മാംസത്തിന്റേയും കരിമ്പിന്റേയും ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച മലേഷ്യ വ്യക്തമാക്കിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി നടത്തുന്ന ഇന്ത്യ മലേഷ്യക്കു പുറമെ, ഇന്തോനേഷ്യയില്‍നിന്നും പാമോയില്‍ വാങ്ങുന്നുണ്ട്. അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് സോയോയിലും ഉക്രൈനില്‍നിന്ന് സണ്‍ ഫഌര്‍ ഓയിലും ഇറക്കുമതി ചെയ്യുന്നു.
ജമ്മു കശ്മീരില്‍ ഇന്ത്യ അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും ചെയ്തത് യു.എന്‍ തീരുമാനത്തിനു വിരുദ്ധമാണ്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മഹാതീര്‍ പറഞ്ഞിരുന്നു.