നാലു നേപ്പാൾ സ്വദേശികളും മലയാളി ഡ്രൈവറും -നാലുപേർ രക്ഷപ്പെട്ടു
കൊച്ചി- ആലപ്പുഴ ദേശീയ പാതയിൽ അരൂർ പാലത്തിൽനിന്ന് ബൊലേറോ കാർ വേമ്പനാട് കായലിലേക്ക് മറിഞ്ഞു നാലു നേപ്പാൾ സ്വദേശികളെയും മലയാളിയായ ഡ്രൈവറെയും കാണാതായി. അമിത വേഗത്തിൽ ഇടതുവശത്തുകൂടി ലോറിയെ മറികടന്നതാണ് അപകട കാരണം. ആലപ്പുഴ അരൂർ സ്വദേശി നിജാസാണ് വാഹനം ഓടിച്ചിരുന്നത്.
പന്തൽ നിർമാണത്തൊഴിലാളികളായ എട്ട് നേപ്പാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ നാലുപേരെ രക്ഷിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. ലോക്മാൻ, സുരേഷ്, പദംബാദർ, രാമു എന്നിവരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടവർ. നീന്തൽ അറിയാമായിരുന്നെന്നും മത്സ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചതെന്നും ഇവർ പറഞ്ഞു. നിജാസ്, ഹിമലാൽ, ശ്യാം, മധു, ഗോമാൻ എന്നിവർക്കു വേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും പുരോഗമിക്കുകയാണ്. കോസ്റ്റ്ഗാർഡ്, കോസ്റ്റൽപോലീസ്, നാവിക സേന എന്നിവർ രക്ഷാപ്രവർത്തനത്തിനായി എത്തി. ശക്തിയായ അടിയൊഴുക്കും വെളിച്ചക്കുറവും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇടപ്പള്ളി ചിത്ര ഡെക്കറേഷൻസിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ബോൾഗാട്ടിയിൽനിന്നു ആലപ്പുഴ പാണാവള്ളിയിലേക്ക് പന്തൽനിർമ്മാണത്തിന് തൊഴിലാളികളുമായി പോവുകയായിരുന്നു വാഹനം.
വാഹനം നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരികൾ തകർത്ത് കായലിൽ പതിക്കുകയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.