ന്യൂദല്‍ഹി- സൈന്യം രാജ്യത്തിനു വേണ്ടി നടത്തിയ ത്യാഗത്തിന്റെ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരാന്‍ ക്യാമ്പസിന്റ കണ്ണായ സ്ഥലത്ത് ഒരു സൈനിക ടാങ്ക് സ്ഥാപിക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വി സി എം. ജഗതേഷ് കുമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്, മുന്‍ സൈനിക മേധാവി കൂടിയായ വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് എന്നിവരോട് ഇക്കാര്യത്തില്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി പറഞ്ഞു.
1999-ലെ ഇന്ത്യാ-പാക് യുദ്ധ വിജയദിനത്തോടനുബന്ധിച്ച് സര്‍വകലാശാലയും മുന്‍ സൈനികരുടെ സംഘടനയാ വെറ്ററന്‍സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്. ഇരു കേന്ദ്ര മന്ത്രിമാരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും മുന്‍ സൈനികരും ചടങ്ങില്‍ പങ്കെടുത്തു. 2,200 അടി നീളമുള്ള ത്രിവര്‍ണ പതാക വഹിച്ചു കൊണ്ടുള്ള മാര്‍ച്ചും ക്യാമ്പസില്‍ നടന്നു.
ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ ക്യാമ്പസില്‍ മുഴങ്ങിയതും യുദ്ധ രക്ത സാക്ഷികളുടെ ചിത്രം സര്‍വകലാശാല കണ്വെന്ഷന് സെന്ററില്‍ സ്ഥാപിച്ചതും ചരിത്ര സംഭവമാണെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരായ ശക്തമായ വിദ്യാര്‍ത്ഥി സമരം അരങ്ങേറിയ ജെ എന്‍ യുവില്‍ നിരവധി വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി പിടികൂടുകയും പുറത്താക്കുകയും ചെയ്തിരുന്നു.