മുംബൈ- പ്രസവത്തിന് ശേഷം കടുത്ത വേദനയെ തുടര്‍ന്ന് നടിയും നവജാത ശിശുവും മരിച്ചു. മറാത്തി സിനിമാ നടി പൂജ സുന്ജാര് ആണ് മരിച്ചത്. 25കാരിയായ പൂജ സീരിയലുകളിലും നിറസാന്നിധ്യണ്. മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലാണ് നടിയുടെ വീട്. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് നടിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ സംഭവം വിവാദമായി. രണ്ടു ജീവന് നഷ്ടപ്പെടാന്‍ കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് നടിക്ക് പ്രസവ വേദന വന്നതും ഹിങ്കോളിയിലെ ആശുപത്രിയില്‍ എത്തിച്ചതും. പ്രസവത്തിന് തൊട്ടുപിന്നാലെ നവജാത ശിശു മരിച്ചു. ശേഷമാണ് നടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. മുംബൈയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് മറാത്താവാഡ മേഖലയിലെ ഹിങ്കോളി ജില്ല. നടിയുടെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം അവരെ എത്തിച്ചത്. കുഞ്ഞ് മരിച്ചതോടെ നടിയെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഹിങ്കോളി സിവില്‍ ആശുപത്രി 40 കിലോമീറ്റര്‍ അകലെയാണ്. അവിടേക്കെത്തിക്കാന്‍ തീരുമാനിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഹിങ്കോളി സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല. പിന്നീടാണ് സ്വകാര്യ ആംബുലന്‍സ് ബന്ധുക്കള്‍ സംഘടിപ്പിച്ചത്. അപ്പോഴേക്കും നടിയുടെ ആരോഗ്യനില നന്നേ വഷളായിരുന്നു. സിവില്‍ ആശുപത്രിയിലെത്തും മുമ്പേ നടി മരിച്ചു. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് നടിയുടെയും കുഞ്ഞിന്റെയും മരണകാരണമെന്ന് നടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അവര്‍ പോലീസില്‍ പരാതി നല്കി. പോലീസ് പൂജയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രി അധികൃതരെ ഉടന്‍ ചോദ്യം ചെയ്യും.