ശ്രീനഗര്‍- കശ്മീരിലെ താങ്ധറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പിനും ഷെല്ലാക്രമണത്തിനും മറുപടിയായി ഞായറാഴ്ച ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മൂന്ന് ഭീകര താവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തി. പത്തോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് അറിയിച്ചു. പത്തോളം ഭീകരരും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ടെന്നും ജനറല്‍ റാവത്ത് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന്റെ മറവില്‍ ഭീകരര്‍ക്ക് നുഴഞ്ഞു കയറാന്‍ അവസരമൊരുക്കാനായിരുന്നു ശ്രമം. ഈ പ്രകോപനത്തിനു മറുപടി ആയാണ് ഇന്ത്യന്‍ സേനയുടെ ആക്രമണം. കുപ്വാരിയിലെ താങ്ധര്‍ സെക്ടറിനു എതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകര കേന്ദ്രങ്ങളാണ് കരസേനയുടെ ആക്രമണത്തില്‍ തകര്‍ത്തതെന്ന് സേനാ വൃത്തങ്ങള്‍ അവകാശപ്പെട്ടു. പാക് വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു.