ന്യൂദല്‍ഹി- സാമ്പത്തിക ചിന്തയില്‍ പക്ഷപാതം കാണിക്കാറില്ലെന്നും സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ക്കും ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്റെ ആരോപണത്തോട് വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിജിത് ബാനര്‍ജിക്ക് ഇടതു ചായ്‌വുണ്ടെന്നും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ രാജ്യം തള്ളിക്കളഞ്ഞതാണെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു.
പിയൂഷ് ഗോയല്‍ എന്റെ പ്രൊഫഷനലിസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പഠനകാലത്ത് ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ സുഹൃത്തായിരുന്നുവെന്നും അഭിജിത് ബാനര്‍ജി വെളിപ്പെടുത്തി.
ലാക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഈ പദ്ധതി ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞത്.
കോണ്‍ഗ്രസ് മാത്രമല്ല, ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനവും ജിഎസ്ടിയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോര്‍പ്പറേറ്റ് നികുതികളില്‍ വരുത്തിയ മാറ്റം ഉദ്ദേശിച്ച ഫലം ചെയ്യില്ല. കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ രാജ്യത്ത് നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ സാധ്യതയില്ല. ആദായ നികുതികള്‍ കുറയ്ക്കുന്നതിനു പകരം ഡിമാന്റ് വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ ഗ്രാമീണ മേഖലയില്‍ പണം ലഭ്യമാക്കുകയാണു വേണ്ടത്. ഇതിന് പിഎം കിസാന്‍ പോലുള്ള പരിപാടികള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബോധപൂര്‍വം താങ്ങുവിലയില്‍ കുറവുവരുത്തിയതാണ് ഗ്രാമീണ മേഖലകളില്‍ പണ ലഭ്യത കുറയാന്‍ കാരണം. നഗരങ്ങളിലെ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു
ഭാര്യ എസ്താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.