ചെന്നൈ- കേന്ദ്ര സര്‍ക്കാരിന് പശുവിനോടുള്ള സ്‌നേഹം കടലാസില്‍ മാത്രമാണെന്നും രാജ്യത്ത് തദ്ദേശീയ കന്നുകാലികള്‍ ഗണ്യമായി കുറുയകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായി പി.ചിദംബരം ആരോപിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള ചിദംബരത്തിനു വേണ്ടി അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തത്. ജനങ്ങള്‍ക്ക് സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ രണ്ട് സാമ്പത്തിക സൂചകങ്ങള്‍ ചിദംബരം നല്‍കി.
രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് ചോദിച്ച 50 ശതമാനം പേരില്‍ 30 ശതമാനവും വളരെ പരിതാപകരമെന്നാണ് മറുപടിനല്‍കിയത്. രാജ്യത്ത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതാണ് ചിദംബരം നല്‍കിയ ആദ്യ സൂചകം.
2012 നും 2019 നും ഇടയില്‍ തദ്ദേശീയ കന്നുകാലികളുടെ ജനസംഖ്യ ആറു ശതമാനം കുറഞ്ഞു. പശുവിനോടുള്ള ഗവണ്‍മെന്റിന്റെ സ്‌നേഹം കടലാസില്‍ മാത്രമാണെന്നാണ് ഇതിനര്‍ഥം. സര്‍ക്കാരിന്റെ പശുസ്‌നേഹം ഉല്‍പാദനക്ഷമതയായോ വളര്‍ച്ചയായോ മാറുന്നില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാനായി എല്ലാ ദിവസവും രണ്ട് സാമ്പത്തിക സൂചകങ്ങള്‍ ട്വീറ്റ് ചെയ്യുമെന്ന് ചിദംബരം ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.