Sorry, you need to enable JavaScript to visit this website.

മൂന്ന് മക്കളെ പോറ്റാന്‍ മകളെ അരലക്ഷം രൂപയ്ക്ക് വിറ്റു

അഹമ്മദാബാദ്- ഗുജറാത്തില്‍ ശൈശവ വിവാഹത്തെ കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ വില്‍പന നടത്തിയ വിഡിയോ വൈറലായതാണ് സാമൂഹ്യ നീതി വകുപ്പിനെ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചത്.

അഹമ്മദാബാദ് വനിതാ ക്രൈംബ്രാഞ്ച് സംഘം അസര്‍വയിലെ ഒരു വീട് റെയ്ഡ് ചെയ്ത് പത്തു വയസ്സുകാരിയെ രക്ഷപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഒധാവിലെ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് ഏജന്റ് മുതലെടുത്തത്. മകളെ അഹമ്മദാബാദ് സ്വദേശിയായ 37 കാരന് വിവാഹം ചെയ്തു കൊടുക്കാന്‍ 50,000 രൂപയാണ് നല്‍കിയിരുന്നത്.

ഡാന്റ താലൂക്കിലെ കെഹര്‍മാല്‍ ഗ്രാമത്തില്‍ നടന്ന വിവാഹമായതിനാല്‍ ഹാദദ് പോലീസാണ് ശൈശവ വിവാഹം തടയല്‍ നിയമപ്രകാരം അന്വേഷണം തുടരുന്നത്. പെണ്‍കുട്ടിയെ വാങ്ങിയ യുവാവിനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പോക്‌സോ ചുമത്തിയിട്ടുണ്ട്.

മൂന്ന് മക്കളെ പോറ്റാന്‍ പണമില്ലാത്തതിനാലാണ് പിതാവ് പെണ്‍കുട്ടിയെ വില്‍പന നടത്തിയതെന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ്  ഉദ്യോഗസ്ഥന്‍ മനീഷ് ജോഷി പറഞ്ഞു. മദ്യപനായ പിതാവിന് കഴിഞ്ഞ നാലു മാസമായി തൊഴിലില്ലായിരുന്നുവെന്നും ഇതാണ് ഏജന്റ് മുതലെടുത്തതെന്നും ശൈശവ വിവാഹത്തിന്റെ ശിക്ഷകളെ കുറിച്ചൊന്നും ഇയാള്‍ക്ക് അറിയില്ലെന്നും പോലീസ് പറഞ്ഞു.

 

 

Latest News