വൈലോപ്പിള്ളി ശ്രീധരമേനോനെ കുറിച്ച് വായിച്ച രസകരമായ ഒരു അനുഭവം ഇങ്ങിനെ: വടക്കോട്ട് ഒരു സാഹിത്യപരിപാടിയിൽ പങ്കെടുക്കാൻ കാറിൽ സഞ്ചരിക്കവെ കുറ്റിപ്പുറം പാലത്തിൽ എത്തിയപ്പോൾ പെട്ടെന്ന് അദ്ദേഹം സീറ്റിൽ നിന്നും ഒരു ചെറുനിലവിളിയോടെചാടി എഴുന്നേറ്റു. ഉടനെ തൃശ്ശൂരിലേക്ക് വണ്ടി തിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു. 'ഞാനെന്റെ ഇലക്ട്രിക്ക് ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാൻ മറന്നു.' തിരികെ ചെന്ന്ഇസ്തിരിപ്പെട്ടി ഓഫാക്കി പരിപാടിക്കെത്താൻ ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലുമെടുക്കുമെന്നോർക്കണം.
സംഘാടകർ പലതും പറഞ്ഞ് സമാധാനിപ്പിച്ചു നോക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ വണ്ടി തശ്ശൂരിലേക്ക് തിരിച്ചു വിടേണ്ടി വന്നു. നിമിഷ നേരം കൊണ്ട് വൈലോപ്പിള്ളി ചിരിച്ച് തിരിച്ചു വന്നു പറഞ്ഞത്രെ. ഞാനത് നേരത്തേ ഓഫാക്കിയിട്ടുണ്ടായിരുന്നു.
ഇത് കവിയുടെ മാത്രം കഥയല്ല. പലരിലും ഇത്തരം സമാന ശീലങ്ങൾ കാണാം. എത്ര കഴുകിയാലും വൃത്തിയിൽ വിശ്വാസം വരാതെ വീണ്ടും വീണ്ടും കൈ കഴുകുന്നവർ. അടച്ച വാതിലുകൾ തിരികെ വന്ന് വീണ്ടും തുറന്നടച്ച് ഉറപ്പ് വരുത്തുന്നവർ; അടുക്കും ചിട്ടയും തലക്ക് കേറി നിരന്തരം അടുക്കിയിട്ടും ചിട്ടപ്പെടുത്തിയിട്ടും തൃപ്തി വരാത്തവർ. അഴുക്കാവാതിരിക്കാൻ ചൂലുമായി തിരിഞ്ഞും മറിഞ്ഞും നടക്കുന്നവർ. ചിലരിൽ ഇത്തരം ശീലങ്ങൾ നിയന്ത്രണാതീതമായി മാറി മനോവൈകല്യമായി തീരാറുണ്ട്. അത്തരം അവസ്ഥയെ മനശ്ശാസ്ത്ര പദാവലിയിൽ ഒ.സി.ഡി അഥവാ ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ എന്നാണ് അറിയപ്പെടുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ വസ്സ് വാസ്.
ചില കാര്യങ്ങളുടെ ആവർത്തനങ്ങൾ, ആവർത്തിച്ചുറപ്പിക്കൽ, പരിധി കടന്ന ശുചിത്വ ബോധം, ചെയ്യുന്നതൊക്കെയും അബദ്ധമായി പോവുമോ എന്ന പേടി, പല കാര്യങ്ങളിലുമുള്ള ആത്മവിശ്വാസമില്ലായ്മ എന്നിവ ഇത്തരക്കാരിൽ കൂടുതലായി കാണപ്പെടുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള ആധിയായും ആരോഗ്യത്തെ കുറിച്ചുള്ള അമിത ഉൽകണ്ഠയായും ചിലരിൽ ഈ വൈകല്യം പ്രത്യക്ഷപ്പെടും. മറ്റ് ചിലർ ഇടക്കിടെ തലമുടി പിടിച്ച് വലിച്ച് കൊണ്ടിരിക്കുന്നതും വേറെ ചിലർ വികലമായ ഭക്ഷണ രീതികളിൽ അഭിരമിക്കുന്നതും ഒ.സി.ഡിയുടെ ലക്ഷണമാണ്.
പൊടുന്നനെ ഉണ്ടാവുന്ന ശീലങ്ങളല്ല ഇവ. തികച്ചും സ്വാഭാവികമായ ഈ പെരുമാറ്റങ്ങൾ വളരെ പതുക്കെ തുടങ്ങി പിന്നീട് നിയന്ത്രണാതീതമായ തരത്തിലാണ് വേര് പിടിക്കുന്നത്. ഏതെങ്കിലും ദുരനുഭവങ്ങൾ, ആത്മസംഘർഷങ്ങൾ, അടുത്തയാളുടെ മരണം, പ്രിയപ്പെട്ടവരുടെ വേർപാട് തുടങ്ങിയ വൈയക്തികമായ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ഈ പ്രവണതകൾ കൂടുതലായും നാമ്പിടുന്നതും ഒഴിയാ ബാധയായി മാറുന്നതും. ചിലരെ ഇത് ഭീകരമായ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും എളുപ്പത്തിൽ തള്ളിവിടുന്നതായി കാണാം.
സ്വാഭാവികമായും എല്ലാവരിലും ഉണ്ടായേക്കാവുന്ന ഇത്തരം അവസ്ഥകളെ യുക്തി പൂർവ്വം വിശകലനം ചെയ്ത് പരിഹാരം സ്വയം കണ്ടെത്താനും നിയന്ത്രിക്കാനും കഴിയാത്തവരിലാണ് ഒ.സി.ഡി സംഭവിക്കു
ന്നത്.
ശാരീരികമായ കാരണങ്ങളാൽ ചിലപ്പോൾ ഇത്തരം പ്രവണതകൾ കൂടി വന്നേക്കാം. അത്തരക്കാർ വഴിവിട്ട മാനസിക പിരിമുറുക്കങ്ങളുടെ പ്രേരണയാൽ ജീവിതം ദുരിതത്തിലാക്കുകയോ സ്വയം പഴിക്കുകയോ മറ്റുള്ളവരേ കൂടി വിഷമവൃത്തത്തിലാക്കുകയോ അല്ല വേണ്ടത് ; വിദഗ്ധനായ ഡോക്ടറെ കാണിച്ച് ബ്ലഡ് ടെസ്റ്റ് നടത്തി തൈറോയ്ഡ് സംബന്ധമായോ അല്ലാത്തതോ ആയ ശാരീരിക പ്രശ്‌നങ്ങൾ വല്ലതുമുണ്ടെങ്കിൽ ചികിത്സിക്കുകയോ അതല്ലെങ്കിൽ പരിചയ സമ്പന്നരായ മനശ്ശാസ്ത്ര വിദഗ്ധരെ സമീപിച്ച് കൗൺസലിംഗ് സഹായം തേടുകയോ ആണ് വേണ്ടത്.