ക്യാൻവാസിലെ ചായക്കൂട്ടുകളിൽ വിരിഞ്ഞ വർണ ചിത്രങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കി കാളികാവിന്റെ ചിത്രകാരി ലിജിയ ബാനു ജിദ്ദയിലെ കലാസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറി.
'സത്യത്തിന്റെ ജീവിത സാക്ഷ്യമാവുക' എന്ന സന്ദേശവുമായി ജിദ്ദ സർഗവേദിയാണ് അസീസിയയിലെ ദൗഹത്തുൽ ഉലൂം സ്‌കൂളിൽ ലിജിയാ ബാനുവിന്റെ ചിത്ര പ്രദർശനമൊരുക്കിയത്. കടലും കരയും പൂക്കളുമടക്കം പ്രകൃതിയിലെ ഹരിതഭാവങ്ങൾ പ്രമേയമാക്കി എണ്ണച്ചായത്തിൽ തീർത്ത മുപ്പതോളം ചിത്രങ്ങൾ അനുവാചകരുടെ കണ്ണിനും മനസിനും കുളിരേകി. ചിത്രങ്ങളോരോന്നും ലളിതമായി സംവദിക്കുന്നവയായിരുന്നു. അതിഭാവുകത്വമോ വർണങ്ങളുടെ അതിപ്രസരമോ ഇല്ലാതിരുന്ന ചിത്രങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.
അധ്യാപികയായ ലിജിയാ ബാനു പ്രവാസ ജീവിതത്തിന്റെ ഇടവേളകളിൽ തീർത്ത ചിത്രങ്ങളുമായി ഇതാദ്യമായാണ് ജനമധ്യത്തിലെത്തിയതെങ്കിലും ഒട്ടേറെ പേരാണ് പ്രദർശനം കാണാനെത്തിയത്. ജിദ്ദയിലെ കലാസ്വാദകരുടെ പ്രോത്സാഹനവും സാന്നിധ്യവും ചിത്ര രചന തുടർന്നും നടത്താൻ ലിജിയക്ക് പ്രോത്സാഹനം നൽകുന്നതായിരുന്നു.
ചിത്രകാരനും കവിയുമായ അരുവി മോങ്ങം പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മായിൽ മരിതേരി, സി.എച്ച്. ബഷീർ, അബ്ദുൽ ശുക്കൂർഅലി, അബ്ദുൽ മജീദ് നഹ, കെ.ടി മുസ്തഫ പെരുവള്ളൂർ, ഇബ്രാഹിം ശംനാട്, സജി കുര്യാക്കോസ്, അസൈൻ ഇല്ലിക്കൽ, റോയ് മാത്യു, സജി ചാക്കോ, ഹൈദർ കോട്ടയിൽ, കെ.എം.എ ലത്തീഫ്, ഹനീഫ ഇരുമ്പുഴി, പി.എം മായിൻകുട്ടി, ഒ.ബി. നാസർ, നൗഷാദ് വണ്ടൂർ, ബഷീർ ഇ.എഫ്.എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.