ജീവനുള്ള ചിത്രങ്ങൾ പിറവിയെടുക്കാനുള്ള ഭാഗ്യമുണ്ട് റഷയുടെ വിരൽപ്പാടുകൾക്ക്. വിസ്മയം വിരിയിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഈ പ്രവാസി ചിത്രകാരി ഇതോടകം വരച്ചുകഴിഞ്ഞു. ജിദ്ദയിൽ ജനിച്ചു വളർന്ന കോഴിക്കോട് താമരശ്ശേരി പൂനൂർ സ്വദേശിയായ റഷാ നൗഫലിലൂടെ തെളിയുന്നതേറെയും വിസ്മയ ദൃശ്യങ്ങളാണ്. തനിക്ക് ചുറ്റുമുള്ള ജീവനുള്ളതും അല്ലാത്തതുമായി നിരവധി വസ്തുക്കളെ ജീവനുള്ള ചിത്രങ്ങളാക്കി മാറ്റാനുള്ള അസാമാന്യ മിടുക്കുണ്ട് ഈ ചിത്രകാരിക്ക്. ചെറുപ്പം മുതൽ ചിത്രങ്ങളോടും ചിത്രകലയോടുമുള്ള ഇഷ്ടം ഒരിക്കലും മറയ്ക്കാനാകാത്ത പ്രണയം പോലെ റഷ കൂടെ കൊണ്ടുനടക്കുന്നു.
എല്ലാത്തരം നിറങ്ങളും പെയിന്റുകളും പരീക്ഷിക്കുന്ന റഷ സാധാരണ പേപ്പറിൽ കളർ പെൻസിലുകൾ ഉപയോഗിച്ചാണ് ചിത്രവര തുടങ്ങിയത്. സ്‌കൂൾ പഠന കാലഘട്ടത്തിൽ വാട്ടർ കളർ ഉപയോഗിച്ച് ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. ജിദ്ദയിലെ നടന്നിരുന്ന നിരവധി മത്സരങ്ങളിലെ സ്ഥിരം വിജയികളിൽ ഒരാൾ കൂടിയായിരുന്നു റഷ.
ക്യാൻവാസിൽ ഓയിൽ പെയിന്റിംഗ് പരീക്ഷിക്കാൻ തുടങ്ങിയത് ചിത്രകലയുടെ മറ്റൊരു ഘട്ടത്തിലായിരുന്നു. കൂടുതൽ ക്യാൻവാസ് പെയിന്റിംഗുകൾ വരയ്ക്കുകയും യഥാർത്ഥ ഇമേജുകൾ ഉപയോഗിച്ച് വ്യത്യസ്ത രൂപത്തിലുള്ള ഓയിൽ പെയിന്റിംഗുകൾ പരീക്ഷിക്കുകയും ക്യാൻവാസിൽ ത്രീ ഡി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.
ഓയിൽ പെയിന്റിംഗിൽ തന്റെതായ പുതുശൈലികളുമായാണ് റഷ മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയെ ഒപ്പിയെടുക്കാനും പെയിന്റിന് പുതുമ നൽകാനുമുള്ള പരിശ്രമത്തിലാണ്. ഓയിൽ പെയിന്റിംഗുകളിൽ അറബിക് കാലിഗ്രഫി ഉൾപ്പെടുത്തിയുള്ള പരീക്ഷണവും റഷ നടത്തുന്നുണ്ട്.
ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പഠനത്തിന് ശേഷം ഡിജിറ്റൽ ഗ്രാഫിക് ഡിസൈനിൽ ഡിഗ്രിയും ഫാറൂഖ് കോളേജിൽ നിന്ന് ഗ്രാഫിക്കിൽ മൾട്ടി മീഡിയയിൽ പി.ജിയും പൂർത്തിയാക്കി. നിലവിൽ ജിദ്ദയിലെ ഒരു ഡിസൈനിങ് കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.
ഫാഷൻ ഡിസൈനിംഗിലും തന്റെതായ ഇടം റഷ കണ്ടെത്തിയിട്ടുണ്ട്.
ഒഴിവു സമയങ്ങളിൽ ചിത്രങ്ങളോടൊപ്പം കൂട്ടുകൂടുന്ന റഷക്ക് ഭർത്താവ് നൗഫലും മാതാപിതാക്കളും സുഹൃത്തുക്കളും പിന്തുണയുമായുണ്ട്. ഇതിനകം ജിദ്ദയിൽ നിരവധി എക്‌സിബിഷനുകൾ നടത്തി പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്, കൂടാതെ നിരവധി വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. തന്റെ ചിത്രങ്ങളെ രാജ്യാന്തര നിലവാരത്തിലെത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഒഴിവു സമയങ്ങൾ വെറുതെ പാഴാക്കാതെ എങ്ങിനെ ഉപകാരപ്രദമാക്കാൻ കഴിയും എന്ന മാതൃക കൂടിയാണ് ആത്മാവിൽ ചിത്രങ്ങളുടെ കൂടൊരുക്കിയ ഈ കലാകാരി.