ഗുവാഹത്തി- അസമിലെ സോനിത്പൂര്‍ ജീല്ലയില്‍ ജിയ ഭരലി നദിയില്‍ യാത്രാ ബോട്ടു മറിഞ്ഞ് നിരവധി യാത്രക്കാരെ കാണാതായി. 80ഓളം യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട നാടന്‍ ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. നദിയില്‍ വീണ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഏതാനും പേര്‍ നീന്തി രക്ഷപ്പെട്ടു. ലാല്‍ തപുവിലെ ബിഹിയ ഗാവില്‍ നിന്നും തേസ്പൂരിലെ പഞ്ച് മിലേയിലേക്കു പോകുകയായിരുന്നു ബോട്ട്. യാത്രക്കാര്‍ക്കു പുറമെ നിരവധി ബൈക്കുകളും മറ്റു സാമഗ്രികളും ബോട്ടിലുണ്ടായിരുന്നതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഞ്ച് മിലേയില്‍ എല്ലാ വ്യാഴാഴ്ചയുടെ നടക്കുന്ന ആഴ്ച ചന്തയ്ക്കു പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.