മുംബൈ- പീഡനക്കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹരജി പരിഗണിക്കുന്നത് ബോംബൈ ഹൈക്കോടതി രണ്ടുവർഷത്തേക്ക് നീട്ടി. പുതിയ തിയതി അനുസരിച്ച് ഹരജി 2021 ജൂണിലാണ് പരിഗണിക്കുക. ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെയുള്ള ഹരജി മുൻഗണനാക്രമമനുസരിച്ച് ലിസ്റ്റ് ചെയ്തപ്പോഴാണ് രണ്ടുവർഷത്തേക്ക് നീണ്ടത്. ഡി.എൻ.എ പരിശോധന ഫലം വൈകുന്നതാണ് കാരണമെന്നാണ് സൂചന.
കലീനയിലെ ഫോറൻസിക് ലാബിൽനിന്നും ഡി.എൻ.എ പരിശോധന ഫലം ഇതേവരെ ലഭിച്ചിട്ടില്ലെന്നും ഓഷിവാര പോലീസ് വ്യക്തമാക്കി. ഡി.എൻ.എ പരിശോധന ഫലം ലഭ്യമാകുന്ന മുറയ്ക്ക് അഭിഭാഷകർക്ക് ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താം.