മുംബൈ- സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ മലയാളി ജോയ് തോമസ് തന്റെയും രണ്ടാം ഭാര്യയുടെയും പേരിൽ പൂനെയിൽ ഒൻപത് ഫ്ളാറ്റുകൾ വാങ്ങിയെന്ന് കണ്ടെത്തൽ. 2005-ൽ തന്റെ പേഴ്സണൽ അസിസ്റ്റന്റിനെ വിവാഹം ചെയ്യാൻ മതം മാറി ജുനൈദ് ഖാൻ എന്ന പേര് സ്വീകരിച്ച ജോയ് തോമസ് ഫ്ളാറ്റുകൾ വാങ്ങിയെന്നാണ് റിപ്പോർട്ട്. ജോയ് തോമസിന് നേരത്തെ മുബൈയിലും താനെയിലും നാലു ഫ്ളാറ്റുകളുണ്ടായിരുന്നു. ഇതിലൊന്ന് ആദ്യഭാര്യയിലെ മകന്റെ പേരിലായിരുന്നു. ഇതടക്കം നേരത്തെ പോലീസ് കണ്ടുകെട്ടിയിരുന്നു. രണ്ടാം ഭാര്യയിൽ പത്തു വയസുള്ള മകനും പതിനൊന്ന് വയസുള്ള ദത്തുപുത്രിയും ജോയ് തോമസിനുണ്ട്. ജോയ് തോമസിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ആദ്യഭാര്യ വിവാഹമോചനത്തിന് നോട്ടീസ് നൽകിയിരുന്നു. പഞ്ചാബ് ആന്റ് മഹാരാഷ്ട്ര ബാങ്കിൽ 4335 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. ഹൗസിംഗ് ഡവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് 75 ശതമാനം ലോണുകളും അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം. ഇതിന് ചുക്കാൻ പിടിച്ചത് ജോയ് തോമസാണെന്നാണ് കണ്ടെത്തൽ. ലോൺ ലഭിക്കുന്നതിനായി 21,000 വ്യാജ എക്കൗണ്ടുകളും ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.