ലഖ്നൗ-അയോധ്യയില്‍ ബാബ്രി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ദീപാവലി ദിവസം വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്ന വിശ്യഹിന്ദുപരിഷത്തിന്റെ ആവശ്യം അയോധ്യ ഡിവിഷണല്‍ കമ്മീഷണര്‍ മനോജ് മിശ്ര നിരസിച്ചു. വിഎച്ച്പിക്കുപുറമെ വേറെയും സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു.
സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്നതു വരെ സ്ഥലത്ത് ഒരു തരത്തിലുള്ള പുതിയ ചടങ്ങുകളും അനുവദിക്കില്ലെന്നും ഇവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ദീപാവലി ദിവസം വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരത് ശര്‍മയാണ് നിവേദനം നല്‍കിയിരുന്നത്.
വിളക്ക് തെളിയിക്കാന്‍ അവസരം നല്കുകയാണെങ്കില് സ്ഥലത്ത് നമസ്കാരം നടത്താന്‍ തങ്ങള്‍ക്കും അനുവാദം നല്‍കണമെന്ന് ബാബ്രി കേസിലെ പരാതിക്കാരില്‍ ഒരാളായ ഹാജി മെഹ്ബൂബ് വ്യക്തമാക്കിയിരുന്നു.
അയോധ്യ ശ്രീരാമന്റെ ജന്മഭൂമിയാണെന്നും അവിടെ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുക എന്നത് ന്യായമായ ആവശ്യമാണെന്നും വിഎച്ച്പി നേതാവ് പറഞ്ഞു. ഇതിന് അനുവദിച്ചില്ലെങ്കില്‍ ദീപങ്ങള്‍ അധികൃതര്‍ക്ക് കൈമാറാമെന്നും സ്ഥലത്ത് ദീപാലങ്കാരം നടത്താന്‍ അവര്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തിയാല്‍ മതിയെന്നും ശരത് ശര്‍മ ഡിവിഷണല്‍ കമ്മീഷണറോട് പറഞ്ഞു.