ഡെറാഡൂണ്‍- മുസ്ലീം വോട്ട് തനിക്ക് ആവശ്യമില്ലെന്ന് രുദ്രാപുര്‍ എംഎല്‍എ രാജ്കുമാര് തുക്രാര്. ഇത് പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍.
എംഎല്‍എ പറഞ്ഞതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബിജെപി അധ്യക്ഷന്‍ അജയ് ഭട്ട് വ്യക്തമാക്കി. എല്ലാവര്ക്കും സന്തോഷവും ക്ഷേമവും ഉണ്ടാകണമെന്ന ചിന്തയാണ് ബിജെപിക്കുള്ളത്. മോശം വാക്കുകള്‍ ഉപയോഗിച്ച എംഎല്‍എയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ചക്കുള്ളില്‍ വിശദീകരണം ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നും നേതൃത്വം വ്യക്തമാക്കി. ഒരു മുസ്ലീമിന് മുന്നിലോ മുസ്ലീം പള്ളിക്ക് മുന്നിലോ ഒരിക്കലും തല കുനിക്കില്ലെന്നും എംഎല്‍എ പറഞ്ഞ വീഡിയോ ആണ് വൈറലായത്. ഹിന്ദുക്കളെ അശുദ്ധമാക്കാനായി വീട്ടിലെത്തുന്നവര്‍ക്ക് മുസ്ലിം സ്ത്രീകള്‍ തുപ്പിയ വെള്ളം കൊടുക്കാറുണ്ട്. അതിനാല്‍ താന്‍ ഒരിക്കലും മുസ്ലിം വീടുകളില്‍ പോകാറില്ലെന്നും എംഎല്‍എ വീഡിയോയില്‍ പറയുന്നുണ്ട്.