Sorry, you need to enable JavaScript to visit this website.

മോശം സര്‍വീസ് കാരണം എംപിമാര്‍ക്കും ബിഎസ്എന്‍എല്ലിനെ വേണ്ട

ന്യുദല്‍ഹി- മോശം സര്‍വീസും പതിവായി കോള്‍ മുറിയലും മറ്റു കണക്ടിവിറ്റി പ്രശ്ങ്ങളും കാരണം പാര്‍ലമെന്റ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളെ കൈയൊഴിയുന്നു. സര്‍ക്കാര്‍ കമ്പനികളായ ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും കണക്ഷനുകളില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ സേവനത്തിലേക്ക് മാറാന്‍ അനുമതി ആവശ്യപ്പെട്ട് പല എംപിമാരും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികള്‍ പരിശോധിച്ച ബിജെപി അംഗം ഓം മാഥൂര്‍ അധ്യക്ഷനായ സഭാ സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്ന് എംപിമാരെ സ്വകാര്യ മൊബൈല്‍ കണക്ഷനുകളിലേക്ക് മാറാന്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തോട് 10 അംഗ സഭാ സമിതിയിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ ഇതു സംബന്ധിച്ച് ഒരു തീരുമാനമായില്ല. 

പാര്‍ലമെന്റ് ചട്ടം അനുസരിച്ച് എംപിമാര്‍ക്ക് 50,000 ലോക്കല്‍ കോളുകള്‍ ഓരോ വര്‍ഷവും സൗജന്യമാണ്. എംപിമാര്‍ക്ക് മൂന്ന് ഫോണ്‍ കണക്ഷനുകളാണ് നല്‍കുന്നത്. ഇതിലൊന്ന് ബ്രോഡ്ബാന്‍ഡിനു ഉപയോഗിക്കാം. പ്രതിമാസം 1500 രൂപ വരെയുള്ള ബില്ലുകളും സര്‍ക്കാര്‍ വഹിക്കും. ഫോണ്‍, ഇന്റര്‍നെറ്റ് ഇനത്തില്‍ ഒരു വര്‍ഷം ഒരു എംപിക്ക് 1.5 ലക്ഷം രൂപയുടെ ഇളവുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ കണക്ഷനുകളെല്ലാം ബിഎസ്എന്‍എല്‍/ എംടിഎന്‍എല്‍ ആണ്. മോശം നെറ്റ് വര്‍ക്കും ഇന്റര്‍നെറ്റ് വേഗതയും സ്വകാര്യ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശമാണെന്നാണ് എംപിമാരുടെ പരാതി.
 

Latest News